Sorry, you need to enable JavaScript to visit this website.

പുതു പ്രതീക്ഷകളുമായി ഇന്ത്യ

ഇന്ത്യൻ ഫുട്‌ബോൾ ടീം... ലോകകപ്പ് യോഗ്യതാ റൗണ്ടാണ് ടീമിന്റെ സുപ്രധാന ലക്ഷ്യം.

ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ട് ആരംഭിക്കാനിരിക്കെയാണ് ഇന്റർകോണ്ടിനന്റൽ  കപ്പിന് നാളെ പന്തുരുളുന്നത്. ഏഷ്യൻ ടീമുകൾ മാത്രമാണ് ഇത്തവണ ടൂർണമെന്റിൽ കളിക്കുന്നത്. ഇന്റർകോണ്ടിനന്റൽ കപ്പ് എന്ന പേരിനോട് നീതി ചെയ്യില്ലെങ്കിലും ഇത്തവണത്തെ ടൂർണമെന്റ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് സഹായകമായേക്കും...

ഇന്ത്യ സംഘടിപ്പിക്കുന്ന ഇൻവിറ്റേഷൻ ഫുട്‌ബോൾ ടൂർണമെന്റിൽ ഏഷ്യൻ ടീമുകൾ മാത്രം കളിക്കുന്നത് വളരെ അപൂർവമാണ്. നാളെ ആരംഭിക്കുന്ന രണ്ടാമത് ഇന്റർകോണ്ടിനന്റൽ കപ്പിൽ ഏഷ്യൻ ടീമുകൾ മാത്രമാണ് കളിക്കുന്നത്. സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഏഷ്യൻ റൗണ്ടിന് ഇന്ത്യയെ ഒരുക്കുന്നതിനാണ് ഇത്തവണ ഇന്റർകോണ്ടിനന്റൽ കപ്പിൽ മുൻഗണന നൽകുന്നത്. കെനിയ കൂടി പങ്കെടുത്ത പ്രഥമ ഇന്റർകോണ്ടിനന്റൽ കപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. ഫൈനലിൽ കെനിയയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചു. കെനിയയെ കൂടാതെ ന്യൂസിലാന്റും ചൈനീസ് തായ്‌പെയുമാണ് മുംബൈയിൽ നടന്ന പ്രഥമ ഇന്റർകോണ്ടിനന്റൽ കപ്പിൽ പങ്കെടുത്തത്. ഇന്ത്യയെ കൂടാതെ പങ്കെടുത്ത ഏക ഏഷ്യൻ ടീം ചൈനീസ് തായ്‌പെയിയായിരുന്നു. 
എന്നാൽ ഇത്തവണ ചിത്രം പൂർണമായും മാറി. രണ്ടാമത് എഡിഷനിൽ പങ്കെടുക്കുന്നത് ഇന്ത്യയെ കൂടാതെ സിറിയയും താജിക്കിസ്ഥാനും വടക്കൻ കൊറിയയുമാണ്. 2009 നു ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ടീമുകളെ മാത്രം പങ്കെടുപ്പിച്ച് ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. നിരവധി ടൂർണമെന്റുകൾ ഇന്ത്യ സംഘടിപ്പിച്ചിട്ടുണ്ട്. നെഹ്‌റു കപ്പ് പോലുള്ള ടൂർണമെന്റുകളിൽ യൂറോപ്പിലെ മുൻനിര ടീമുകൾ കളിച്ചിട്ടുണ്ട്. ഇതിലേറെയും ഇൻവിറ്റേഷൻ ടൂർണമെന്റുകളായിരുന്നു.
 2009 ലെ നെഹ്‌റു കപ്പിനു ശേഷം ഇന്ത്യ സംഘടിപ്പിച്ച എല്ലാ ടൂർണമെന്റുകളിലും ഏഷ്യക്കു പുറത്തു നിന്നുള്ള ഒരു ടീമെങ്കിലും പങ്കെടുത്തിട്ടുണ്ട്. 2016 ൽ മുംബൈയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിന് മൗറീഷ്യസും സെയ്ന്റ് കിറ്റ്‌സ് ആന്റ് നെവിസും എത്തി. കഴിഞ്ഞ ഇന്റർകോണ്ടിനന്റൽ കപ്പിൽ ന്യൂസിലാന്റും കെനിയയും വന്നു. 
നെഹ്‌റു കപ്പാണ് ഇന്ത്യ സംഘടിപ്പിച്ചവയിൽ ഏറ്റവും മികച്ച ടൂർണമെന്റ്. റഷ്യയും ഉറുഗ്വായ്‌യും മൊറോക്കോയും കിഴക്കൻ ജർമനിയും പോളണ്ടുമൊക്കെ മുൻനിര ടീമുകളെ ഈ ടൂർണമെന്റിന് അയച്ചിരുന്നു. 1982 മുതൽ 1997 വരെയായിരുന്നു നെഹ്‌റു കപ്പിന്റെ സുവർണ കാലം. യൂറോപ്യൻ ടീമുകളുടെ ഒന്നാം നിര കളിക്കാർക്കൊപ്പം ഇന്ത്യൻ കളിക്കാർക്ക് തോളോടു തോൾ ചേർന്നു നിൽക്കാൻ ഇത് അവസരം നൽകി. 1997 ൽ ടൂർണമെന്റ് നിലച്ചു. 2007 ൽ ഒരു പതിറ്റാണ്ടിനു ശേഷം നെഹ്‌റു കപ്പ് പുനരാരംഭിച്ചെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാനായില്ല. 2007 ലെ ടൂർണമെന്റിൽ ഇന്ത്യയുൾപ്പെടെ അഞ്ച് ഏഷ്യൻ ടീമുകളാണ് കളിച്ചത്. 2009 ലും ഇതായിരുന്നു അവസ്ഥ. 
2009 ലെ നെഹ്‌റു കപ്പിൽ സുബ്രതൊ പോളായിരുന്നു ഇന്ത്യയുടെ ഹീറോ. ന്യൂദൽഹി അംബേദ്കർ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സിറിയയെ തോൽപിച്ച് ഇന്ത്യ ചാമ്പ്യന്മാരായി. ഇത്തവണ സിറിയ വീണ്ടും വിരുന്ന് വരുമ്പോൾ ആ ടൂർണമെന്റിന്റെ ഓർമകളാണ് അലയടിക്കുന്നത്. 
യുദ്ധത്തിൽ തകർന്ന സിറിയ പക്ഷേ ഫുട്‌ബോളിലും സമീപ കാലത്ത് ഏറെ പിന്നോട്ടു പോയിട്ടുണ്ട്. 
വരുന്ന സെപ്റ്റംബറിൽ ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ട് ആരംഭിക്കാനിരിക്കെ കൂടുതൽ ഏഷ്യൻ ടീമുകളുമായി കളിക്കുന്നത് ഇന്ത്യൻ ടീമിന് ഗുണം ചെയ്യും. മാത്രമല്ല ഏഷ്യയിൽ കരുത്തു കാട്ടാൻ കൂടുതൽ വിജയങ്ങളും ഇന്ത്യക്ക് ആവശ്യമാണ്. പ്രത്യേകിച്ചും കരുത്തരായ ഏഷ്യൻ ടീമുകളുമായി കളിക്കേണ്ടതുണ്ട്. സമീപ കാലത്ത് യൂറോപ്യൻ, ലാറ്റിനമേരിക്കൻ ടീമുകൾ ഇന്ത്യയിലേക്ക് അയക്കുന്നത് അവരുടെ സി ടീമിനെയോ പരമാവധി ബി ടീമിനെയോ ആണ്. അവരുമായി കളിച്ച് വിജയിക്കുന്നത് ഇന്ത്യൻ ടീമിന് വലിയ ഗുണം ചെയ്യില്ല.   


 

Latest News