കുവൈത്ത് സിറ്റി - നെതര്‍ലാന്റ്‌സിലെ പറക്കും കാര്‍ നിര്‍മാണ കമ്പനിയായ പേഴ്‌സണല്‍ എയര്‍ ലാന്റ് വെഹിക്കിളുമായി കുവൈത്ത് എയര്‍വെയ്‌സ് ധാരണാപത്രം ഒപ്പുവെച്ചു. ഇതുപ്രകാരം ഗള്‍ഫ് രാജ്യങ്ങളിലും മധ്യപൗരസ്ത്യദേശത്തും ഡെച്ച് കമ്പനിയുടെ പറക്കും കാറുകളുടെ മെയിന്റനന്‍സ് സേവനം കുവൈത്ത് എയര്‍വെയ്‌സ് നല്‍കും. കുവൈത്ത് എയര്‍വെയ്‌സ് കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ അബ്ദുല്‍ഹലീം സൈദാനും പേഴ്‌സണല്‍ എയര്‍ ലാന്റ് വെഹിക്കിള്‍ സി.ഇ.ഒ റോബെര്‍ട്ട് ഡിംഗെമാന്‍സെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കുവൈത്ത് എയര്‍വെയ്‌സ് കമ്പനി ചെയര്‍മാന്‍ യൂസുഫ് അബ്ദുല്‍ഹമീദ് അല്‍ജാസിമും കുവൈത്തിലെ നെതര്‍ലാന്റ്‌സ് അംബാസഡര്‍ ഫ്രാന്‍സ് പൊടുയ്റ്റും കുവൈത്ത് എയര്‍വെയ്‌സ് സി.ഇ.ഒ കാമില്‍ അല്‍അവാദിയും ദുബായിലെ റീജ്യനല്‍ ബിസിനസ് സെന്റര്‍ മാനേജര്‍ അബ്ദുല്ല അല്‍അനസിയും മധ്യപൗരസ്ത്യദേശത്തെ പേഴ്‌സണല്‍ എയര്‍ ലാന്റ് വെഹിക്കിള്‍ ഡെപ്യൂട്ടി സി.ഇ.ഒ ഖലീല്‍ മലാഇബും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കരാര്‍ ഇരു വിഭാഗത്തിനും പ്രയോജനം ചെയ്യുമെന്ന് കുവൈത്തിലെ നെതര്‍ലാന്റ്‌സ് അംബാസഡര്‍ ഫ്രാന്‍സ് പൊടുയ്റ്റ് പറഞ്ഞു. കുവൈത്തും നെതര്‍ലാന്റ്‌സും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും കരാര്‍ സഹായിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.






