Sorry, you need to enable JavaScript to visit this website.

അരുണിമയുടെ ജീവിതം ധീരതയുടെ ഇതിഹാസം

സ്വപ്‌നങ്ങൾക്ക് അതിരുകളുണ്ടാകരുതെന്ന് വിശ്വസിച്ച അരുണിമയടെ ലക്ഷ്യം ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയർന്ന കൊടുമുടികൾ കീഴടക്കുകയെന്നതായിരുന്നു. ആ ലക്ഷ്യം അവർ സാക്ഷാൽക്കരിക്കുകതന്നെ ചെയ്തു. കൃത്രിമക്കാലുമായി ഏഷ്യയിലെ എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമഞ്ജാരോ, ഓസ്‌ത്രേലിയയിലെ കോസിസ്‌കോ, യൂറോപ്പിലെ എൽബ്രസ്, അർജന്റീനയിലെ അകൊൻകാഗ്വ, ഇന്തോനേഷ്യയിലെ കാർട്ടെൻസ് പിരമിഡ് എന്നിവ കീഴടക്കിയ അരുണിമ 2019 ജനുവരി നാലിന് അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൽസണും കീഴടക്കി ചരിത്രം സൃഷ്ടിച്ചു.

'ഞാൻ പരമാവധി ചെറുത്തുനിന്നു. ഒടുവിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്ന് അവരെന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തൊട്ടടുത്ത പാളത്തിലാണ് ഞാൻ ചെന്നുവീണത്. എനിക്ക് അനങ്ങാൻ പോലുമായിരുന്നില്ല. ആ സമയം ഞാൻ ചെന്നുവീണ പാളത്തിലൂടെ എതിർദിശയിൽ മറ്റൊരു ട്രെയിൻ ചീറിപ്പാഞ്ഞുവരുന്നുണ്ടായിരുന്നു. ഞാൻ പാളത്തിൽനിന്ന് നിരങ്ങി മാറാൻ ശ്രമിച്ചു. പൂർണമായും മാറാൻ കഴിഞ്ഞില്ല. അതിനു മുമ്പ് തീവണ്ടി എന്റെ ഒരു കാലിനു മുകളിലൂടെ അതിവേഗം പാഞ്ഞുപോയി. പിന്നീടൊന്നും എനിക്കോർമയില്ല.' സിഐഎസ്എഫിൽ ചേരാനുള്ള ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽനിന്ന് ദൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ തീവണ്ടിക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായ അരുണിമ സിൻഹ തനിക്കുണ്ടായ ദുരന്തത്തിന്റെ നിമിഷങ്ങളെ ഓർത്തെടുക്കുന്നതിങ്ങനെയാണ്. 
എട്ടു വർഷം മുമ്പ് പത്മാവതി എക്‌സ്പ്രസിൽ വെച്ചായിരുന്നു ഈ സംഭവം. ഇടതുകാൽ മുട്ടിനു താഴെ വെച്ച് പൂർണമായും ചതഞ്ഞരഞ്ഞുപോയി! മണിക്കൂറുകളോളം ബോധരഹിതയായി കിടന്ന അരുണിമയെ പുലർച്ചെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് അവിടെനിന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഒരു കാൽ നഷ്ടപ്പെട്ട അരുണിമ ഇരുപത്തിആറാം വയസിൽ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി ഇന്ത്യയുടെ ദേശീയ പതാക നാട്ടി എന്നു പറഞ്ഞാൽ വിസ്മയത്തോടെയല്ലാതെ വിശ്വസിക്കാനാവില്ല.
ഉത്തർപ്രദേശിലെ അംബേദ്ക്കർ നഗറിൽ 1988 ജൂലൈ 20 നായിരുന്നു അരുണിമ സിംഹയുടെ ജനനം. കുട്ടിക്കാലത്തേ സ്‌പോർട്ട്‌സിൽ തൽപരയായ അരുണിമ വോളിബോളിലും ഫുട്‌ബോളിലും മികവ് പ്രകടിപ്പിച്ചു. ക്രമേണ വോളിബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദേശീയ വോളിബോൾ താരമായി ഉയരുകയും ചെയ്തു. ഇതിനിടയിൽ ജോലിസംബന്ധമായ യാത്രക്കിടയിലായിരുന്നു ട്രെയിനിൽ വെച്ചുണ്ടായ ആക്രമണവും അപകടവും.
മനോഭാവമാണ് ഒരാളെ അതിജീവനത്തിലേക്കും പിൻവലിയലിലേക്കും നയിക്കുന്നത്. എയിംസിൽ ചികിത്സയിലായിരുന്ന നാലു മാസം അരുണിമയുടെ മനോഭാവത്തിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചു. ഒരു കാൽ നഷ്ടപ്പെട്ട തനിക്ക് ഭാവിയിലുണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ചോ നഷ്ടങ്ങളെക്കുറിച്ചോ ചിന്തിക്കുന്നതിനു പകരം ശേഷിക്കുന്ന ഒരു കാൽ കൊണ്ട് ആർജിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അവർ ചിന്തിച്ചുതുടങ്ങി. ക്യാൻസറിൽനിന്ന് രക്ഷപ്പെട്ടുവന്ന് ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച യുവരാജ് സിംഗിന്റെ ജീവിതവും അതുപോലെ അതിജീവനത്തിന്റെ വഴികൾ കണ്ടെത്തിയവരുടെ ജിവിതവും അരുണിമയ്ക്ക് പ്രചോദനമായി. 
ആശുപത്രിക്കിടക്കയിൽ വെച്ചാണ് അരുണിമ എവറസ്റ്റ് കീഴടക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്. ബന്ധുക്കൾ തീരുമാനത്തിൽനിന്ന് പിൻതിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. അതിന്റെ അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി പിൻതിരിപ്പിക്കാൻ ഡോക്ടർമാരും പരമാവധി ശ്രമിച്ചു. തികഞ്ഞ ആരോഗ്യത്തോടെ, എല്ലാവിധ തയാറെടുപ്പുകളോടെയും ശ്രമിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നടുത്ത കൊടുമുടിയുടെ മുകളിലേക്ക് കൃത്രിമക്കാലുമായി കയറുന്ന അരുണിമയെക്കുറിച്ചുള്ള ചിന്ത പോലും അവരെ നടുക്കി. പക്ഷേ അരുണിമ തന്റെ തീരുമാനത്തിൽനിന്നും പിൻമാറാൻ തയാറല്ലായിരുന്നു.
ആശുപത്രിക്കിടക്കയിൽനിന്നും അരുണിമ നേരെ പോയത് എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയായ ബചേന്ദ്രി പാലിന്റെ അടുത്തേക്കാണ്. ബചേന്ദ്രി പാലിന്റെ ശിക്ഷണത്തിൽ കൃത്രിമക്കാലുമായി അരുണിമ പർവതാരോഹണത്തിനുള്ള പരിശീലനം ആരംഭിച്ചു. ഏറെ ദുർഘടം നിറഞ്ഞതായിരുന്നു പരിശീലനം. കാലിനുണ്ടാകുന്ന വേദന, ശാരീരിക ക്ഷീണം, കഠിനമായ പരിശീലനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ അരുണിമയുടെ ഇഛാശക്തിക്കു മുന്നിൽ എല്ലാ പ്രതിസന്ധികളും ക്രമേണ കീഴടങ്ങി. അവരുടെ മനസ്സിൽ എപ്പോഴും ഒരേ ഒരു ചിന്ത മാത്രമായിരുന്നു. താൻ എവറസ്റ്റിന്റെ നെറുകയിലെത്തുന്ന ആ സുദിനം മാത്രം! അതിതീവ്രമായ അവളുടെ ആഗ്രഹത്തിനു മുന്നിൽ തടസ്സം എന്ന വാക്കിനു പോലും പ്രസക്തിയില്ലായിരുന്നു. ചെറിയ ചെറിയ പർവതാരോഹണ ശ്രമങ്ങളിലൂടെ അവർ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. ഒടുവിൽ അരുണിമ സിൻഹ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി! എവറസ്റ്റ് കീഴടക്കുന്ന ഭിന്നശേഷിക്കാരിയായ ആദ്യത്തെ വനിതയായി അവർ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. അമ്പത്തിയഞ്ചു ദിവസം കൊണ്ടായിരുന്നു എവറസ്റ്റിനെ അരുണിമ തന്റെ കാൽക്കീഴിലമർത്തിയത്.
സ്വപ്‌നങ്ങൾക്ക് അതിരുകളുണ്ടാകരുതെന്ന് വിശ്വസിച്ച അരുണിമയടെ ലക്ഷ്യം ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയർന്ന കൊടുമുടികൾ കീഴടക്കുകയെന്നതായിരുന്നു. ആ ലക്ഷ്യം അവർ സാക്ഷാൽക്കരിക്കുക തന്നെ ചെയ്തു. കൃത്രിമക്കാലുമായി ഏഷ്യയിലെ എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമഞ്ജാരോ, ഓസ്‌ത്രേലിയയിലെ കോസിസ്‌കോ, യൂറോപ്പിലെ എൽബ്രസ്, അർജന്റീനയിലെ അകൊൻകാഗ്വ, ഇന്തോനേഷ്യയിലെ കാർട്ടെൻസ് പിരമിഡ് എന്നിവ കീഴടക്കിയ അരുണിമ 2019 ജനുവരി നാലിന് അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൽസണും കീഴടക്കി ചരിത്രം സൃഷ്ടിച്ചു.
അരുണിമ ആർജിച്ച നേട്ടങ്ങൾ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി അവരെ ആദരിച്ചു. ടെൻസിംഗ് നോർഗെ ഹൈയസ്റ്റ് മൗണ്ടനീയറിംഗ് അവാർഡും അരുണിമയെത്തേടിയയെത്തി. 2014 ൽ പ്രകാശനം ചെയ്ത 'ബോൺ എഗയിൻ ഓൺ ദി മൗണ്ടൻ' എന്ന കൃതി അരുണിമയുടെ അതിജീവനത്തിന്റെ വഴികൾ കൃത്യമായി അടയാളപ്പെടുത്തുന്ന പ്രചോദനാത്മകമായ കൃതിയാണ്. തന്നിൽ മാത്രം ഒതുക്കി നിർത്തിയില്ല അരുണിമ തന്റെ പ്രവർത്തനങ്ങൾ. പാവപ്പെട്ടവർക്കും ഭിന്നശേഷിക്കാരായാവർക്കും വേണ്ടി ഒരു സ്‌പോർട്‌സ് അക്കാഡമിക്ക് അവർ തുടക്കം കുറിച്ചു -– ഷഹീദ് ചന്ദ്രശേഖർ വികലാംഗ് ഖേൽ അക്കാദമി. അവാർഡുകളിൽനിന്നും പ്രഭാഷണങ്ങളിൽനിന്നും തനിക്കു കിട്ടുന്ന മുഴുവൻ തുകയും അവർ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നു.
മനുഷ്യ മനസ്സിന് അതിരുകളില്ല. അതു തിരിച്ചറിയുന്നവർ അസംഭവ്യമെന്ന് സാധാരണ മനസ്സുകൾക്ക് തോന്നുന്ന കാര്യങ്ങൾ മനശ്ശക്തി കൊണ്ട് മറികടക്കും. ഒരു ശക്തിക്കും അവരെ തടഞ്ഞു നിർത്താനാകില്ല. സ്വന്തം കഴിവിൽ മറ്റാരേക്കാളും വിശ്വാസമുള്ളവരാണവർ. അത്തരത്തിലുള്ള വ്യക്തിത്വമായിരുന്നു അരുണണിമ സിൻഹയുടേത്. ഒപ്പമുള്ളവർ മുഴുവൻ എതിർത്തിട്ടും തന്റെ നിലപാടിലുറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോകാൻ അവർ കാണിച്ച ധീരതയാണ് ഭാരതത്തിന്റെ അഭിമാനമായി അവരെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയത്. പ്രചോദനത്തിന്റെ വലിയൊരു പാഠപുസ്തകമാണ് അരുണിമയുടെ ജീവിതം.


 

Latest News