എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകി, തിരുവനന്തപുരം യാത്രക്കാര്‍ കുടുങ്ങി

അബുദാബി- തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനാല്‍ ഇരുനൂറോളം യാത്രക്കാര്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങി. ബുധന്‍ രാത്രി 9.10ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 538 വിമാനമാണ് സാങ്കേതിക തകരാര്‍മൂലം മുടങ്ങിയത്. വിമാനത്തിന് സാങ്കേതിക തകരാറാണെന്നും പരിഹരിച്ച ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ എന്നും യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് വിതരണം ചെയ്ത ശേഷം അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല.
യാത്രക്കാര്‍ ബഹളം വച്ചപ്പോള്‍ പുലര്‍ച്ചെ 2.30ന് ഹോട്ടലില്‍ താമസ സൗകര്യമൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. കുറച്ചു യാത്രക്കാര്‍ തങ്ങളുടെ താമസ സ്ഥലത്തേക്ക് മടങ്ങി. വിമാനം വൈകിട്ട് 3.30 ന് പുറപ്പെടുമെന്നും തുടര്‍ന്ന് 5.30 നാണ് പുറപ്പെടുകയെന്നും യാത്രക്കാരെ അറിയിച്ചു. എന്നാല്‍, ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു.
എപ്പോള്‍ പുറപ്പെടുമെന്ന് കൃത്യമായ ഉത്തരം നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി.

 

Latest News