അയൽ രാജ്യങ്ങളിൽ ഭീകരതക്ക് പിന്തുണയും പ്രോത്സാഹനവും നൽകിയെന്ന ആരോപണത്തിൽ മുങ്ങിക്കിടക്കുന്ന ഖത്തറിന്റെ നില പരുങ്ങലിലാണ്. ഇതിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കുന്നതിനും നിരപരാധിത്വം തെളിയിക്കുന്നതിനും ഖത്തറിന് സാധിക്കില്ല. സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങൾ നിഷേധിക്കുന്നതിന് തങ്ങളുടെ സമ്പത്ത് ഖത്തറിനെ സഹായിക്കില്ല. ബഹിഷ്കരണം സൃഷ്ടിക്കുന്ന ഭീഷണികൾ ഒഴിവാക്കുന്നതിന് ഓരോ രാജ്യങ്ങളുടെ കവാടങ്ങളിലായി മുട്ടിക്കൊണ്ടിരിക്കുന്ന ഖത്തർ നേതാക്കൾ, ബഹിഷ്കരണം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത സ്വീകരിക്കുന്നതിനുള്ള ഉപാധികൾ വെച്ച് സ്വയം പരിഹാസ്യരാകുന്നു.
ഭീകരതക്കും തീവ്രവാദത്തിനും പിന്തുണ നൽകിയും അയൽ രാജ്യങ്ങൾക്കെതിരെ ഗൂഢാലോചനകൾ നടത്തിയും ഖത്തർ നടത്തിയ കുത്സിത പ്രവർത്തനങ്ങളുടെ പട്ടിക തയാറാക്കി ആഗോള സമൂഹത്തിന് സമർപ്പിക്കുന്നതിന് സൗദി അറേബ്യയും ബഹ്റൈനും യു.എ.ഇയും ഈജിപ്തും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ, നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം അയൽ രാജ്യങ്ങൾ റദ്ദാക്കാതെ നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുന്നതിനും മധ്യസ്ഥ ശ്രമങ്ങൾ സ്വീകരിക്കുന്നതിനും ഖത്തർ ഒരുക്കമല്ലെന്ന് വിദേശ മന്ത്രി വ്യക്തമാക്കി. ഖത്തറിനെതിരെ ആരോപിക്കപ്പെടുന്ന ചില കാര്യങ്ങളെ കുറിച്ച് ഒരിക്കലും ചർച്ചക്ക് തയാറല്ലെന്നും വിദേശ മന്ത്രി പറഞ്ഞു. തങ്ങൾ നടത്തുന്ന കുറ്റകൃത്യങ്ങൾ മാറ്റിനിർത്തണമെന്നതാണ് അയൽ രാജ്യങ്ങളുമായുള്ള ചർച്ചക്ക് അടിസ്ഥാന ഉപാധിയായി ഖത്തർ വിദേശ മന്ത്രി പറയുന്നത്.
ഖത്തർ സ്വയം വിഡ്ഢി വേഷം കെട്ടുകയാണോ? അതല്ല, ഖത്തർ പൗരന്മാരെ നിസ്സാരന്മാരായി കാണുകയാണോ? അതുമല്ല, അസാധാരണമായ ആശയക്കുഴപ്പത്തിലൂടെയാണോ ഖത്തർ കടന്നുപോകുന്നത്? മധ്യസ്ഥ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നതിന് സൗദി അറേബ്യക്കും ബഹ്റൈനും യു.എ.ഇക്കും ഈജിപ്തിനുമുള്ള സന്നദ്ധതയെ കുറിച്ച നിരാശയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇതുവരെ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതുമാണോ ഇങ്ങനെ വിഡ്ഢിത്തം പുലമ്പുന്നതിന് ഖത്തർ നേതാക്കളെ പ്രേരിപ്പിക്കുന്നത്? അതല്ല, മുമ്പത്തെ പോലെ പണവും പരിചയ സമ്പത്തും പ്രയോജനപ്പെടുത്തി മറ്റുള്ളവരെ വിലക്കു വാങ്ങി ശിക്ഷകളിൽ നിന്ന് രക്ഷപ്പെടുന്നതിന് ഇത്തവണയും സാധിക്കുമെന്ന് ഖത്തർ ധരിക്കുന്നുണ്ടോ?
ചർച്ചകൾക്കുള്ള ഉപാധികളെ കുറിച്ച് ഖത്തർ വിദേശ മന്ത്രി ഹമദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി സംസാരിക്കുന്നത് കേട്ട എനിക്ക് തോന്നിയത് അയൽ രാജ്യങ്ങളുമായുള്ള വിടവ് വലുതാക്കുന്നതിനും സ്വന്തം കുഴിമാടം സ്വയം കുഴിക്കുന്നതു പോലെ ഭീകരതക്കുള്ള പിന്തുണ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഖത്തർ ആഗ്രഹിക്കുന്നത് എന്നാണ്. കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്കാണ് സ്വന്തം പൗരന്മാരെ ഖത്തർ വലിച്ചുകൊണ്ടുപോകുന്നത്. കാര്യങ്ങൾ ശരിയാം വിധം മനസ്സിലാക്കുന്നതിലും കണക്കാക്കുന്നതിലും ഖത്തർ ശൈഖുമാരും ഉത്തരവാദപ്പെട്ട നോതാക്കളും പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. നാം സങ്കൽപിക്കുന്നതിലും കൂടുതൽ അപകടകരമായ ഗൂഢാലോചനയാണ് ഖത്തർ നടത്തുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വിദേശ മന്ത്രിയുടെ വിഡ്ഢിത്തം നിറഞ്ഞ ഈ പ്രസ്താവന ഈ രീതിയിൽ മാത്രമേ വ്യാഖ്യാനിക്കുന്നതിന് സാധിക്കുകയുള്ളൂ.
എക്കാലവും വൈരുധ്യാത്മക രീഷ്ട്രീയമാണ് ഖത്തർ പയറ്റിവന്നത്. യഥാർഥ പ്രശ്നത്തിൽ നിന്ന് ഖത്തർ എന്നും ഒളിച്ചോടുകയാണ്. യാതൊരു ഉപാധികളും കൂടാതെ ഖത്തറുമായുള്ള ചർച്ചക്ക് ഗൾഫ് രാജ്യങ്ങൾ സന്നദ്ധരാകുമെന്നും ഖത്തറിന്റെ ഉപാധികൾ അയൽ രാജ്യങ്ങൾ അംഗീകരിക്കുമെന്നുമാണ് ഖത്തർ വിദേശ മന്ത്രിയുടെ ജൽപനം കേട്ടാൽ തോന്നുക. പ്രതിസന്ധിക്ക് മറ്റുള്ളവരുടെ മധ്യസ്ഥതക്ക് ശ്രമിക്കുന്നത് ഖത്തറാണ്. തങ്ങൾ ഇപ്പോൾ അകപ്പെട്ട തടവറയിൽ നിന്ന് രക്ഷപ്പെടുന്നതിന് ഗൾഫ് രാജ്യങ്ങളുമായി ധാരണയിലെത്തുന്നതിന് എല്ലാ രാജ്യങ്ങളുടെയും വാതിലുകൾ ഖത്തർ മുട്ടിനോക്കുന്നു. തങ്ങൾക്കെതിരായ ഖത്തറിന്റെ ശത്രുത അവസാനിപ്പിക്കുന്നതിന് അയൽ രാജ്യങ്ങൾ കണ്ട പോംവഴിയാണ് നയതന്ത്ര ബന്ധ വിച്ഛേദം.
ഖത്തർ വിദേശ മന്ത്രിയുടെ വാക്ക് ബുദ്ധിയുള്ള ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ? ശൈഖ് ഹമദ് സ്വന്തം പിതാവിനെ അട്ടിമറിയിലൂടെ അധികാര ഭ്രഷ്ടനാക്കിയ ശേഷം ഖത്തർ നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോഴത്തേത്. ഈയൊരു സ്ഥിതിവിശേഷം നേരിടുന്ന രാജ്യത്തിന് ഉപാധികൾ മുന്നോട്ടു വെക്കുന്നതിന് അവകാശമുണ്ടോ? ഖത്തർ ആവശ്യപ്പെടുന്നതു പോലെ ബന്ധം വിച്ഛേദിക്കുന്നതിനുള്ള കാരണങ്ങളെല്ലാം മാറ്റിനിർത്തി, ഖത്തറുമായുള്ള ചർച്ച സ്വീകരിക്കുന്നതിന് മറ്റു രാജ്യങ്ങൾ ഒരുക്കമാണെന്നോ ഇത്തരമൊരു ചർച്ചക്ക് അവർ കാത്തിരിക്കുയാണെന്നോ ആണ് വിദേശ മന്ത്രിയുടെ സംസാരം കേട്ടാൽ തോന്നുക. ഖത്തർ വിദേശ മന്ത്രിയുടെ പ്രസ്താവന ഗൗരവത്തിലെടുക്കുകയാണെങ്കിൽ അയൽ രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഖത്തറിനു മുന്നിൽ ഒരു അവസരവും ഇല്ലാതാക്കുകയാണ് അത് ചെയ്യുക.
അറബികളുടെ, പ്രത്യേകിച്ച്, ഖത്തരികളുടെ ബുദ്ധിയെ ഖത്തർ നേതാക്കൾ ഇത്രമാത്രം അവഗണിക്കുന്നത് സങ്കടകരമാണ്. ഖത്തർ വിദേശ മന്ത്രിയുടെ വിവേകരഹിതമായ സംസാരം അദ്ദേഹം മാത്രമേ വിശ്വസിക്കൂ എന്നാണ് ഞാൻ കരുതുന്നത്. വിദേശ മന്ത്രിയുടെ സംസാരം നാം എങ്ങനെ വിശ്വസിക്കുകയും ഗൗരവത്തിലെടുക്കുകയും ചെയ്യും. അയൽ രാജ്യങ്ങളുടെ ബഹിഷ്കരണം ഏതു നിലക്കും ബാധിക്കുക ഖത്തറിനെ മാത്രമാണ്. ഏതെല്ലാം നിലക്കാണ് ബഹിഷ്കരണം ഖത്തറിനെ ബാധിക്കുക എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാവർക്കും ലഭ്യവുമാണ്. ഇക്കാര്യങ്ങളൊന്നും വിദേശ മന്ത്രിക്കറിയില്ലെങ്കിൽ അത് വലിയ ദുരന്തമാണ്. എന്നാൽ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ തുടരുന്നത് അതിലും വലിയ ദുരന്തമാണ്.
അന്താരാഷ്ട്ര ബന്ധങ്ങൾ മനസ്സിലാക്കുന്നതിലും അതിന്റെ ആവശ്യകോപാധികൾ പാലിക്കുന്നതിലും മറ്റു രാജ്യങ്ങളെ മാനിക്കുന്നതിലും ആ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിലും ഖത്തർ തികഞ്ഞ പരാജയമാണ്. ചെറുരാജ്യമായ ഖത്തർ എല്ലാ കാര്യങ്ങളും തങ്ങൾക്ക് അനുവദനീയമാക്കുകയാണ്. അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഖത്തർ ഇടപെടുന്നു. ഗൾഫ് രാജ്യങ്ങളിൽ സർക്കാർ വിരുദ്ധ സമരങ്ങൾക്കും പ്രകടനങ്ങൾക്കും ആ രാജ്യങ്ങളിലെ പൗരന്മാരെ ഖത്തർ പ്രേരിപ്പിക്കുന്നു. ഭീകരർക്ക് പിന്തുണയും സഹായവും അഭയവും നൽകുന്നു. അന്താരാഷ്ട്ര നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്നോണമാണ് ഖത്തർ പ്രവർത്തിക്കുന്നത്. ഖത്തറിന്റെ പ്രവർത്തനങ്ങൾ മൂലം കോട്ടം തട്ടിയ രാജ്യങ്ങൾ ഉയർത്തുന്ന പ്രതിഷേധങ്ങൾ ഖത്തർ അവഗണിക്കുന്നു. ഏതാനും രാജ്യങ്ങളിൽ അട്ടിമറിയും അരാജകത്വവും സൃഷ്ടിക്കുന്നതിനും ഭീകരാക്രമണങ്ങൾ നടത്തുന്നതിനും ഖത്തർ ഗൂഢാലോചനകൾ തുടരുന്നു.
തെറ്റുകൾ തിരുത്തുന്നതിനുള്ള യാതൊരു നീക്കവും നടത്താത്ത ഖത്തറിന്റെ കാര്യത്തിൽ എനിക്ക് കടുത്ത ദുഃഖമുണ്ട്. അറിയാത്ത കാര്യങ്ങൾ അറിയുന്നതിന് ഖത്തർ നേതാക്കൾ ശ്രമിക്കുന്നില്ല. ഖത്തറിൽ ജീവിതം ഭദ്രമാണ്. ഖത്തർ പൗരന്മാർ സംഘർഷങ്ങളും ആശങ്കകളുമില്ലാത്ത ജീവിതം നയിക്കുന്നു. ഇതേ സമയം, ഖത്തർ നേതാക്കൾ തീ കൊണ്ട് കളിക്കുന്നു. പണവും മാധ്യമങ്ങളും ഉപയോഗിച്ച് ഈ തീ അവർ ആളിക്കത്തിക്കുന്നു. ഖത്തർ നേതാക്കളുടെ നേരിട്ടുള്ള നിർദേശാനുസരണം കൂലിപ്പടയാളികളാണ് ഈ പണികളെല്ലാം ചെയ്യുന്നത്.
ഉത്തരവാദിത്തങ്ങൾ ഖത്തർ മനസ്സിലാക്കുന്നില്ലെന്ന് വിദേശ മന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു. മറ്റു രാജ്യങ്ങൾക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളിൽ നിന്ന് ഖത്തറിനെ കുറ്റവിമുക്തമാക്കുന്നതിന് വിദേശ മന്ത്രി പറഞ്ഞതല്ലാത്ത വല്ലതും ഖത്തറിന്റെ പക്കലുണ്ടോ? ഖത്തറിന്റെ കുറ്റകൃത്യങ്ങൾ സ്ഥിരീകരിക്കുന്ന രേഖകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇനി അതല്ല, ഖത്തർ വിദേശ മന്ത്രി സംസാരിക്കുന്ന ലോകത്തല്ലാത്ത വേറെ ലോകത്താണോ നമ്മളുള്ളത്? നമ്മൾ കാണാത്തത് ഖത്തർ മന്ത്രി കാണുകയും നാം അറിയുന്നതിൽ കൂടുതൽ അദ്ദേഹം അറിയുന്നുമുണ്ടോ?
സ്വന്തം ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണോ ഖത്തർ നേതാക്കൾ അടിച്ചുകയറ്റുന്നത്? തങ്ങളുടെ നിലപാടുകളിൽ ഖത്തർ നേതാക്കൾ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ സാധ്യതകളും സംഭവിക്കാവുന്നതാണ്. സ്ഥിരീകരിച്ച കാര്യങ്ങൾ ഖത്തർ നിഷേധിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ കാര്യങ്ങൾക്കുമുള്ള സാധ്യതകൾ തള്ളിക്കളയാവതല്ല. തീരുമാനമെടുക്കുന്നതിന് അധികാരമില്ലാത്തവരുമായാണ് നാം സംവദിക്കുന്നത്. ചിത്രത്തിലില്ലാത്തവരുമായാണ് നാം സംസാരിക്കുന്നത്. അതല്ലെങ്കിൽ ഗൂഢാലോചനക്കാർ എന്തിനാണ് ക്ഷമാപണം നടത്തുന്നതിനും തങ്ങളുടെ പ്രവർത്തനങ്ങൾ മൂലം ഹാനിയുണ്ടായവരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനും വിസമ്മതിക്കുന്നത്. ഈ തർക്കത്തിൽ വരും ദിവസങ്ങൾ തീർപ്പുണ്ടാകും. അന്ന് ഇറാന്റെയും മുസ്ലിം ബ്രദർഹുഡിന്റെയും ഹമാസിന്റെയും ഹിസ്ബുല്ലയുടെയും അൽഖാഇദയുടെയും മറ്റും പിന്തുണയും സ്വന്തം ഖേദവും ഖത്തറിന് ഉപാകരപ്പെടില്ല.
ഖത്തർ ജനതയെ ഞാൻ സ്നേഹിക്കുന്നു. ഖത്തറിന് എന്തെങ്കിലും ദോഷകരമായി ഭവിക്കുന്നതിൽ ഭയക്കുകയും ചെയ്യുന്നു. ഖത്തറിന്റെ ശത്രുക്കൾക്കു നേരെ ഖത്തർ നേതാക്കൾ പുറംതിരിഞ്ഞുനിൽക്കുന്നതും സഹായവും സംരക്ഷണവും തേടി സഹോദരങ്ങൾക്കു നേരെ അടുക്കുന്നതും എന്ന് നമുക്ക് കാണുന്നതിന് സാധിക്കും. മനോഹരമായ മുഖം കറുത്ത ചായമടിച്ച് ഖത്തർ പങ്കിലമാക്കിയിരിക്കുന്നു. ഗൂഢാലോചനകൾ ഖത്തറിന്റെ മുഖം വികൃതമാക്കിയിട്ടുണ്ട്. സത്യങ്ങൾ നിഷേധിച്ചും സ്ഥിരീകരിച്ച കാര്യങ്ങൾ അംഗീകരിക്കാതെയും കള്ളങ്ങൾ പറഞ്ഞും ഖത്തർ ഇപ്പോഴും അഹങ്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഖത്തറിനെതിരെ ഗൂഢാലോചന നടത്തുന്നവരിൽ നിന്ന് ഖത്തറിനെ രക്ഷപ്പെടുത്തുന്നതിന് ഖത്തറിന് സഹായം അത്യാവശ്യമാണ്. ഖത്തറിന്റെ സ്ഥാനം നമ്മുടെ മനസ്സുകളിലാണ്. ഖത്തറിനെ നാം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ മനസ്സുകളിൽ എത്രമാത്രം സ്ഥാനമുണ്ടെങ്കിലും ചതിയും ഒറ്റും ഖത്തറിന്റെ ഭാഗത്തു നിന്ന് സംഭവിക്കുമ്പോൾ നാം ഒരിക്കലും അംഗീകരിക്കില്ല.






