റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലില്‍ തീപ്പിടിത്തം; 14 നാവികര്‍ മരിച്ചു

മോസ്‌കോ-റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ അതീവ രഹസ്യ മിനി അന്തര്‍വാഹിനിയിലാണ് ദുരന്തമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആണവ ശേഷിയുള്ള എ.എസ് 12 ലോഷരിക് മിനി അന്തര്‍വാഹിനിയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

2000 ല്‍ കര്‍സ്‌ക് ആണവ മുങ്ങിക്കപ്പല്‍ മുങ്ങിയ ബാരന്റസ് കടലിലാണ് സംഭവം. ഏതു തരത്തിലുള്ള കപ്പലാണെന്നോ എങ്ങനെ തീപ്പിടിത്തമുണ്ടായെന്നോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുങ്ങിക്കപ്പലിലാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തീപിടിച്ചതില്‍ നിന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് നാവികര്‍ മരിച്ചതെന്നാണ് വിശദീകരണം.
റഷ്യന്‍ നാവിക സേനക്ക് നേരിട്ട കനത്ത നഷ്ടമാണിതെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. മുങ്ങിക്കപ്പലിലുണ്ടായിരുന്ന മിടുക്കരായ നാവികരെയാണ് നഷ്ടപ്പെട്ടത്. മരിച്ചവരില്‍ ഏഴു പേര്‍ ക്യാപ്റ്റന്മാരും രണ്ടു പേര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങിയവരുമാണ്- പുടിന്‍ പറഞ്ഞു.
2000ല്‍ കര്‍സ്‌ക് ആണവ മുങ്ങിക്കപ്പലിന് തീപിടിച്ച് മുങ്ങി 118 പേരാണ് മരിച്ചത്.  

 

Latest News