കേരളത്തിനും മുസ്ലിം ലീഗിനും നന്ദി അറിയിച്ച് ശ്വേതാ ഭട്ട്-video

കോഴിക്കോട്- ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ അംബ്രലാ മാര്‍ച്ചില്‍ പങ്കെടുത്ത ശ്വേതാ ഭട്ട് കേരളത്തിനും ഐ.യു.എം.എല്ലിനും നന്ദി അറിയിച്ചു.

അബ്രലാ മാര്‍ച്ചിന്റേയും പൊതുയോഗത്തിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ അവര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.  'നിങ്ങള്‍ തനിച്ചല്ല, ഞങ്ങളുണ്ട് കൂടെ. മുസ്ലിം യൂത്ത് ലീഗ് മാത്രമല്ല, ഞങ്ങള്‍ കേരളക്കാര്‍ മാത്രമല്ല, മറിച്ച് മതേതരത്വത്തിലും ബഹുസ്വരതയിലും ഇന്ത്യന്‍ ഭരണഘടനയിലും വിശ്വസിക്കുന്ന ഞങ്ങള്‍ മുഴുവന്‍ ഇന്ത്യക്കാരും നിങ്ങള്‍ക്കൊപ്പമുണ്ട്' എന്ന് പൊതുയോഗത്തില്‍  യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നടത്തിയ പ്രസംഗത്തിലെ വരികളും ചേര്‍ത്തിട്ടുണ്ട്.
 
'സഞ്ജീവിന് നീതി കിട്ടുന്നത് വരെ എനിക്ക് വിശ്രമമില്ല. ദി പീപ്പിള്‍ ഓഫ് കേരളാ.. ഐ ലവ് യൂ  ആള്‍...' എന്ന ശ്വേതയുടെ പ്രസംഗത്തിലെ വരികള്‍  കൂടി ഉള്‍പ്പെടുന്നതാണ് വീഡിയോ.
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദിച്ചതു കൊണ്ടു മാത്രമാണ് തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ശ്വേത പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസ് കുത്തിപ്പൊക്കിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് വിധിച്ച് ജയിലിലടച്ചിരിക്കുന്നത്.

 

Latest News