ദുബായ്- വേനലവധിക്കാലത്തെ വിമാനക്കൊള്ള പരിശോധിക്കാമെന്നും നടപടിയെടുക്കാമെന്നുമാണ് വിദേശകാര്യ സഹമന്ത്രിയായി അധികാരമേറ്റയുടന്‍ വി. മുരളീധരന് നടത്തിയ പ്രസ്താവന. ഒന്നും സംഭവിച്ചില്ല. ഈ വേനല്‍ക്കാലത്തും പ്രവാസിയുടെ നാടുകാണല്‍ യാത്ര കൊള്ളനിരക്ക് നല്‍കിത്തന്നെ.
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികള്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും എല്ലായിടത്തേയും പ്രവാസികള്‍ ഒരുപോലെ അനുഭവിക്കുന്ന പ്രശ്നം ഒന്നേയുള്ളു. സഹിക്കാനാവാത്ത വിമാനചാര്‍ജ്. പല വിദേശകാര്യ മന്ത്രിമാരും വ്യോമയാന മന്ത്രിമാരുമൊക്കെ മാറിമാറി വന്നെങ്കിലും ഈ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. കാരണം, വ്യോമയാനരംഗത്തെ പ്രവാസി വിരുദ്ധ ലോബി തന്നെ.
വിദേശ വിമാനക്കമ്പനികളുടെ കൊള്ള മനസ്സിലാക്കാം. എന്നാല്‍ നാഴികക്ക് നാല്പതുവട്ടം പ്രവാസി സ്നേഹം പറയുന്ന സ്വന്തം നാട്ടിലെ സ്വന്തം വിമാനകമ്പനികളുടെ കൊള്ളയാണ് മനസ്സിലാക്കാന്‍ പ്രയാസമെന്ന് പ്രവാസികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
അമ്പതുശതമാനം വരെയാണ് ഇത്തവണത്തെ വിമാനക്കൂലി വര്‍ധനയെന്ന് ട്രാവല്രംഗത്തുള്ളവര് ചൂണ്ടിക്കാണിക്കുന്നു. വ്യോമയാന കമ്പനികള്‍ ഇതിന് പല ന്യായവും നിരത്തും. ഡിമാന്റ് കൂടുതല്‍, കുറവ് വിമാന സര്‍വീസുകള്‍, മാക്സ് വിമാനങ്ങള്‍ സര്‍വീസ് നിരത്തിയത് അങ്ങനെ പല കാരണങ്ങളും. ഇതെല്ലാം വ്യാജമാണെന്നാണ് പ്രവാസികളുടെ പക്ഷം. വേനല്‍ക്കാലത്ത് കുട്ടികളുടെ അവധിവേളയില് നാട്ടില്പോകാന് ബഹുഭൂരിപക്ഷം കുടുംബങ്ങളും തയാറാകുമെന്ന് കമ്പനികള്‍ക്കറിയാം. ഇത് ചൂഷണം ചെയ്യുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് ദുബായില്‍ ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്മകുമാര്‍ പറഞ്ഞു.
ദുബായില്‍നിന്ന് ഇത്തവണ ജെറ്റ് എയര്‍വേയ്സിന്റെ അഭാവം ഒരു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നു. അബുദാബിയില്‍നിന്ന് പതിനൊന്നും ദുബായില്‍നിന്ന് നാലും സര്‍വീസുകളാണ് ജെറ്റിന് ഉണ്ടായിരുന്നത്. ഇത് നിര്‍ത്തിയത് വലിയ തിരിച്ചടിയായിട്ടുണ്ട്. സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി ഫ്ളൈ ദുബായ് ബോയിംഗ് 737 വിമാനങ്ങള്‍ നിര്‍ത്തിയതും തിരിച്ചടിയായി. എന്നാല്‍ ജെറ്റും ഫ്ളൈ ദുബായിയും നാമമാത്ര സാന്നിധ്യമായിരുന്ന സൗദി അറേബ്യയില്‍നിന്നും വന്‍തുക നല്‍കിയാണ് പ്രവാസികള്‍ യാത്ര ചെയ്യുന്നത്.
ജെറ്റ് എയര്വേയ്സില് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് അത് റദ്ദായതോടെ പുതിയ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടി വന്നുവെന്നും ഇത് ഡിമാന്റ് കൂട്ടിയെന്നും ഹോളിഡേയ്സ് ദുബായ് സീനിയര്‍ മാനേജര്‍ ജതിന് ഗൊന്ഡാലിയ ചൂണ്ടിക്കാട്ടി. എമിറേറ്റ്സില്‍ ബിസിനസ് ക്ലാസ് നിരക്ക് ഇന്ത്യന്‍ സെക്ടറുകളിലേക്ക് 3500 ല്‍നിന്ന് 6500 വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എക്കണോമി ക്ലാസ്സിലും ഇതനുസരിച്ചുള്ള വര്‍ധനയുണ്ട്.
ഇന്ത്യ സെക്ടറില്‍ എക്കണോമി ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് ഇരട്ടിയിലേറെ നിരക്ക് വര്‍ധിച്ചതായി സിറ്റി വണ്‍ ടൂര്‍ എംഡി ഹേമാലി ഷാ ചൂണ്ടിക്കാട്ടി. ജൂലൈ മാസത്തില്‍ പോകാന്‍വേണ്ടി ജനുവരിയില്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും വലിയ തുകയാണ് നല്‍കേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ദീര്‍ഘകാല അവധി കിട്ടുന്നത് ഈ സമയത്ത് മാത്രമായതിനാല്‍ പ്രവാസികള്‍ക്ക് വേറെ നിവൃത്തിയില്ലെന്നും അവര്‍ പറഞ്ഞു. വിമാനക്കമ്പനികളേയും അധികൃതരേയും സര്‍ക്കാരിനേയും ശപിച്ചുകൊണ്ടാണ് ഓരോ പ്രവാസിയും വിമാനത്തിന്റെ പടി ചവിട്ടുന്നത്.






