ദുബായ്- യു.എ.ഇ സംഘടിപ്പിക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടി നവംബര്‍ 22 മുതല്‍ 25 വരെ നടത്തും. 2020 എക്‌സ്‌പോയുടെ ഭാഗമായാകും ഉച്ചകോടി നടക്കുക. ഭാവിയിലെ വിവിധ പദ്ധതികളും മറ്റും വ്യക്തമാക്കുന്ന പവലിയനുകളും സജ്ജമാകും. 190 രാജ്യങ്ങള്‍ അവരുടെ ഭാവി നയം നിശ്ചയിക്കുന്ന നിര്‍ണായക വേദിയാകും ഉച്ചകോടിയെന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
ഭാവി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ മാറ്റിമറിക്കുന്ന നയപരിപാടികള്‍ രൂപീകരിക്കാനുള്ള വേദിയാകും ലോക സര്‍ക്കാര്‍ ഉച്ചകോടിയെന്നു കാബിനറ്റ് ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി വ്യക്തമാക്കി.
സര്‍ക്കാരുകളുടെയും ആഗോള കമ്പനികളുടെയും പ്രതിഭാധനരായ വ്യക്തികളുടെയും ശ്രദ്ധാകേന്ദ്രമായി ദുബായിയെ മാറ്റുന്നതാണ് പരിപാടി. ലോക നേതാക്കളെയും സംരംഭകരെയും ഒരുവേദിയില്‍ കൊണ്ടുവരാന്‍ എക്‌സ്‌പോ 2020 ന് കഴിയും. വിജ്ഞാനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ശരിയായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനുള്ള വേദിയാകും ഇതെന്നു എക്‌സ്‌പോ 2020 ഹയര്‍ കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.






