ശ്രീനഗര്‍- അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൈറ വസീം പ്രഖ്യാപിച്ചു. ദൈവത്തില്‍നിന്നും വിശ്വാസത്തില്‍നിന്നും അകലാന്‍ സിനിമാ ജീവിതം കാരണമായെന്ന് ഫെയ്‌സ് ബുക്കില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പില്‍ നടി വെളിപ്പെടുത്തി. ഫെയ്‌സ് ബുക്ക് പോസ്റ്റ് സൈറ തന്നെ മറ്റു സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്തു.

സിനിമാരംഗത്തേക്ക് കടന്നുവന്നതിനു ശേഷം ജീവിതം മാറിപ്പോയെന്നും അജ്ഞത കൊണ്ട് വിശ്വാസത്തില്‍നിന്ന് അകന്നുവെന്നും ദംഗലിലെ നായിക വേഷത്തലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ച സൈറ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും സന്തോഷവതിയായിരുന്നില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ല. ഒരുപാട് സ്നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചെങ്കിലും നിശ്ശബ്ദമായും അറിയാതെയും താന്‍ വിസ്വാസത്തില്‍നിന്ന് അകലുകയായിരുന്നു.
എപ്പോഴും എന്റെ വിശ്വാസത്തെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ മതവുമായുള്ള എന്റെ ബന്ധം ഭീഷണി നേരിട്ടു. ഞാന്‍ ചെയ്യുന്നത് ഓക്കെയാണെന്നും ഒന്നും ബാധിക്കുന്നില്ലെന്നും എന്റെ അജ്ഞതയാല്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ അനുഗ്രഹങ്ങളും നഷ്ടമായി.

മതത്തിന്റെ മൗലികമായ സംഗതികളേക്കുറിച്ചുള്ള എന്റെ അജ്ഞതയും ഒരു മാറ്റമുണ്ടാക്കാന്‍ മുമ്പ് ശ്രമിക്കാതിരുന്നതും ലൗകിക മോഹങ്ങളോടുള്ള താല്‍പര്യം മൂലമായിരുന്നു. വിശദ്ധ ഖുര്‍ആനും പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വിശദീകരിച്ചു.
കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലെത്തയത് രംഗപ്രവേശം നടത്തുന്നത്. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷം ചെയ്തു. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ മൂന്നാമത് ചിത്രം ദ സ്‌കൈ ഈസ് പിങ്ക് ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് സൈറയുടെ അഭിനയജീവിതത്തില്‍ നിന്നുള്ള പിന്മാറ്റം.






