ഒറ്റ ദിവസം, 10 ജോലി വാഗ്ദാനം; രാജേഷിന്റെ ജീവിതം മാറിയതിങ്ങനെ

ദുബായ്- ആറു മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ സന്തോഷദിനം. ശമ്പളവും ഭക്ഷണവുമില്ലാതെ കഴിഞ്ഞ തൃശൂര്‍ സ്വദേശി പി. രാജേഷിന് ശനിയാഴ്ച ലഭിച്ചത് 10 ജോലി വാഗ്ദാനങ്ങള്‍. എല്ലാം നടന്നത് കേന്ദ്രമന്ത്രി വി. മുരളീധരന് അയച്ച ട്വിറ്റര്‍ സന്ദേശത്തോടെ.
ജുമൈറയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്ന രാജേഷിന് ആറു മാസമായി ശമ്പളമില്ല. വൈദ്യുതിയില്ലാത്ത മുറിയിലാണ് താമസം കൂട്ടുകാരുടെ സഹായത്തിലാണ് പിടിച്ചുനില്‍ക്കുന്നത്.
കമ്പനിയുടെ ആസ്ഥാനം പൂട്ടിപ്പോയതാണ് രാജേഷിനെ വലച്ചത്. ലേബര്‍ കോടതിയില്‍ പരാതിപ്പെട്ട് അനുകൂല വിധി നേടിയെങ്കിലും കമ്പനി അത് നടപ്പാക്കിയില്ല. ഹതാശനായി എന്തുചെയ്യണമെന്നറിയാതെ അലയുമ്പോഴാണ് പുതുതായി സ്ഥാനമേറ്റ വിദേശസഹമന്ത്രി വി. മുരളീധരന്റെ ഒരു ട്വിറ്റര്‍ സന്ദേശം കാണുന്നത്.
സൗദി അറേബ്യയില്‍ മരിച്ച ഒരു മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചായിരുന്നു ഇത്. ഈ സന്ദേശത്തിന്റെ അടിയില്‍ പ്രതികരണമായി തന്റെ ദൈന്യാവസ്ഥ വിവരിച്ച് രാജേഷ് കുറിപ്പിട്ടു.
കുറിപ്പ് കണ്ട മന്ത്രി ഉടന്‍ അത് ദുബായ് കോണ്‍സുലേറ്റിന് റീഡയറക്ട് ചെയ്യുകയായിരുന്നു. കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥരെത്തി രാജേഷിനെ കണ്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഏതാനും ദിവസത്തിനകം രാജേഷിന് നാട്ടിലേക്ക് മടങ്ങാമെന്നും ടിക്കറ്റ് ശരിയായിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
രാജേഷിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന് ജോലി നല്‍കാമെന്ന് പറഞ്ഞ് പലരും വിളിച്ചു. അതിലൊരാള്‍ തന്നെ കാണാന്‍ വന്നതായും ജോലി ശരിയാകുമെന്നും രാജേഷ് പറഞ്ഞു. ജോലി തനിക്ക് അത്യാവശ്യമാണ്. നാട്ടില്‍ ഏഴു ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്. എട്ട് മാസമായി അതിന്റെ അടവ് മുടങ്ങിയിരിക്കുകയാണ്. നാട്ടില്‍ പോയി വീടിന്റെ പവര്‍ ഓഫ് അറ്റോണി ഭാര്യയുടെ പേര്‍ക്ക് നല്‍കണമെന്നും രാജേഷ് പറഞ്ഞു.
രാജേഷിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രി മുരളീധരനും പ്രശംസകള്‍ പ്രവഹിക്കുകയാണ്. മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പാത പിന്തുടര്‍ന്ന് പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ ഇടപെടുന്നതിനാണ് മന്ത്രിക്ക് അഭിനന്ദനം എത്തുന്നത്.

 

Latest News