Sorry, you need to enable JavaScript to visit this website.

സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം; ലോക നേതാക്കളുമായി കിരീടാവകാശി ചര്‍ച്ച നടത്തി

ഒസാക (ജപ്പാൻ) - ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ സമ്മേളിച്ച ജി-20 ഉച്ചകോടിക്കിടെ ലോക നേതാക്കളുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ചകൾ നടത്തി. സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഉഭയകക്ഷി ബന്ധങ്ങൾ സുദൃഢമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും കൂടിക്കാഴ്ചകൾക്കിടെ ലോക നേതാക്കളുമായി കിരീടാവകാശി വിശകലനം ചെയ്തു. 


ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മാക്‌റി, ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദൊ എന്നിവരുമായാണ് കിരീടാവകാശി വെവ്വേറെ ചർച്ചകൾ നടത്തിയത്. ലോക ബാങ്ക് ഗ്രൂപ്പ് ചെയർമാൻ ഡേവിഡ് മാൽപാസുമായും കിരീടാവകാശി ചർച്ച നടത്തി. ലോക ബാങ്കും സൗദി അറേബ്യയും തമ്മിലുള്ള സഹകരണവും അടുത്ത വർഷത്തെ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന തയാറെടുപ്പുകളും ലോക രാജ്യങ്ങളിൽ വേൾഡ് ബാങ്ക് നടപ്പാക്കുന്ന പദ്ധതികൾക്ക് സൗദി അറേബ്യ പിന്തുണ നൽകുന്നതിനെ കുറിച്ചും  ഇരുവരും വിശകലനം ചെയ്തു. നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ അൽറശീദ് തുടങ്ങിയവർ ചർച്ചകളിലും കൂടിക്കാഴ്ചകളിലും സന്നിഹിതരായിരുന്നു. 
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സിംഗപ്പൂർ പ്രധാനമന്ത്രി ലി ഹസീൻ ലൂംഗ്, നെതർലാന്റ്‌സ് രാജ്ഞി മാക്‌സിമ എന്നിവരുമായും കിരീടാവകാശി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു.
 

Latest News