സ്‌കൂളുകള്‍ അടക്കുന്നു, പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്

അബുദാബി- മധ്യവേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടക്കുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലേക്ക്. ദുബായിലെ സ്‌കൂളുകള്‍ ഞായറാഴ്ച അടക്കും. അബുദാബിയിലേയും ഉത്തര എമിറേറ്റുകളിലേയും സ്‌കൂളുകള്‍ നാലാം തീയതിയും അടക്കും. സെപ്റ്റംബര്‍ ഒന്നിനാണ് തുറക്കുക.
പല ക്ലാസ്സുകളിലും പരീക്ഷ കഴിഞ്ഞതോടെ പല കുടുംബങ്ങളും ഇതിനകം നാട്ടിലെത്തിക്കഴിഞ്ഞു. വലിയ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയോടെ പരീക്ഷകള്‍ കഴിഞ്ഞിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്കിലെ കുതിച്ചുചാട്ടമാണ് ഈ സീസണില്‍ രക്ഷിതാക്കളെ ഏറെ വലക്കുന്നത്.
ഭൂരിപക്ഷം കുടുംബങ്ങളും യാത്ര നേരത്തെ പ്ലാന്‍ ചെയ്ത് ടിക്കറ്റുകള്‍ സ്വന്തമാക്കിയവരാണ്. രണ്ടു മാസത്തിനിടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം വന്‍തുക നല്‍കേണ്ടി വന്നു. അവസാന നിമിഷത്തേക്ക് കാത്തിരുന്നവര്‍ക്ക് താങ്ങാനാകാത്ത നിരക്കാണ്. ഇതുമൂലം കുറച്ചുദിവസത്തേക്ക് യാത്ര മാറ്റിവെച്ചിരിക്കുകയാണ് പലരും.
ഇത്തവണ രണ്ടു മാസത്തേക്കാണ് അവധി. കനത്ത വേനല്‍ചൂടില്‍നിന്ന് നാട്ടിലെത്തുമ്പോഴും കാലാവസ്ഥയില്‍ വലിയ മാറ്റമില്ല. ജൂണില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ നാട്ടിലും ചൂടിന് ശമനമില്ല. മാത്രമല്ല, പലേടത്തും ജലക്ഷാമവും നേരിടുന്നു.

 

Latest News