Sorry, you need to enable JavaScript to visit this website.

11 സൂപ്പർ ബോളുകൾ, ഒന്നാമത് കുൽദീപ്

ലോകകപ്പ് ക്രിക്കറ്റ് ഇതുവരെ കണ്ട 11 മികച്ച ബോളുകൾ ഇതാ..സ്പിന്നർമാരും പെയ്‌സർമാരും സ്പിന്നർമാരുമൊക്കെ പട്ടികയിലുണ്ട്. ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ കുൽദീപ് യാദവാണ്. പട്ടികയിൽ പാക്കിസ്ഥാൻ സ്പിന്നർ ശാദബ് ഖാന്റെ രണ്ടു വിക്കറ്റുകളുണ്ട്.


കുൽദീപ് യാദവ്

പാക്കിസ്ഥാന്റെ ബാബർ അസമിനെ ബൗൾഡാ ക്കിയ കുൽദീപ് യാദവിന്റെ ബൗളിംഗാണ്‌ലോകകപ്പ് ഇതുവരെ കണ്ട ഏറ്റവും മികച്ചത്. ഒരു ഇടങ്കൈയൻ സ്പിന്നർക്ക് സ്വപ്‌നം കാണാവുന്ന തരം ബൗളിംഗ്. നന്നായി ടോസ് ചെയ്താണ് കുൽദീപ് എറിഞ്ഞത്. ബാബറിനു കുറുകെ പന്ത് തെന്നി നീങ്ങി. 
പിച്ച് ചെയ്ത ശേഷം പൊടുന്നനെ തിരികെ സ്പിൻ ചെയ്തു. സ്റ്റമ്പിന്റെ ലൈനിൽ നിന്ന് മാറി പ്രതിരോധിക്കുകയായിരുന്നു ബാബറിന്റെ ലക്ഷ്യം. പക്ഷെ പൂർണമായി കബളിപ്പിക്കപ്പെട്ടു. ബാറ്റിനും പാഡിനുമിടയിലൂടെ വഴി കണ്ട പന്ത് വിക്കറ്റുമായി കടന്നു. 

മിച്ചൽ സ്റ്റാർക്ക്
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ബെൻ സ്റ്റോക്‌സിലായിരുന്നു. അതുവരെ പ്രതീക്ഷക്കൊത്തുയർന്ന് വൻ മതിലായി നിന്നു സ്റ്റോക്‌സ്. പക്ഷെ മിച്ചൽ സ്റ്റാർക്ക് ആ ഏകാഗ്രത തകർത്തു. ഒന്നാന്തരം ഓഫ്സ്റ്റമ്പ് യോർക്കർ. അവസാന സെക്കന്റിൽ അത് വെട്ടിത്തിരിഞ്ഞു. വിക്കറ്റിന്റെ താഴ്ഭാഗം തകർത്തു. സ്‌റ്റോക്‌സിന് നിരാശ സഹിക്കാനായില്ല. ബാറ്റ് നിലത്തിട്ടു ചവിട്ടിയ ശേഷമാണ് സ്‌റ്റോക്‌സ് വൈമനസ്യത്തോടെ ക്രീസ് വിട്ടത്. 

ശാദബ് ഖാൻ
ന്യൂസിലാന്റിനെതിരായ മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയത്തിൽ വഴിത്തിരിവായത് കെയ്ൻ വില്യംസനെ ശാദബ് ഖാൻ പുറത്താക്കിയതാണ്. ഓഫ്‌സൈഡിനു പുറത്ത് ഡിപ്പ് ചെയ്ത പന്തിനായി വില്യംസൻ മുന്നോട്ടാഞ്ഞു. 
വില്യംസന്റെ വീശിയ ബാറ്റിന് ഉമ്മ കൊടുത്ത് പന്ത് വിക്കറ്റ്കീപ്പറുടെ കൈകളിലേക്കിറങ്ങി. 

ശാദബ് ഖാൻ
ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ വിജയത്തിലും ശാദബ് ഖാൻ നിർണായക വിക്കറ്റെടുത്തു. ജോ റൂട്ടിനെയാണ് ഇത്തവണ മനോഹരമായ പന്തിൽ പുറത്താക്കിയത്. അൽപം വേഗത്തിലാണ് പന്ത് വന്നത്. തേഡ്മാനിലേക്ക് തട്ടിവിടുകയെന്ന തന്റെ ഇഷ്ട ഷോട്ട് കളിക്കാനുള്ള വ്യഗ്രതയിലായിരുന്നു റൂട്ട്. പക്ഷെ അൽപം സാവധാനമായിപ്പോയി. തേഡ്മാനിൽ ഈ ഷോട്ടിനായി ഫീൽഡർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൃത്യമായി അവിടേക്കു തന്നെ ഷോട്ട് പറന്നു.

ലോക്കി ഫെർഗൂസൻ
ദക്ഷിണാഫ്രിക്കയുടെ നായകൻ ഫാഫ് ഡുപ്ലെസിയെ ന്യൂസാലാന്റ് പെയ്‌സ്ബൗളർ ലോക്കി ഫെർഗൂസൻ വീഴ്ത്തിയത് പെർഫെക്ട് യോർക്കറിലാണ്. 149 കി.മീ വേഗത്തിൽ വന്ന ബൗൺസറിലൂടെ ഡുപ്ലേസിയെ പതംവരുത്തിയ ശേഷം 148 കി.മീ വേഗത്തിൽ യോർക്കർ എറിഞ്ഞു. തന്ത്രം ഫലിച്ചു. ഡുപ്ലെസി കാണും മുമ്പെ ഓഫ്സ്റ്റമ്പ് പറന്നു. 

മുജീബുറഹ്്മാൻ
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ അനായാസം വിജയിക്കുമെന്നാണ് എല്ലാ കണക്കുകളും സൂചിപ്പിച്ചത്. എന്നാൽ മുജീബുറഹ്്മാൻ തുടക്കത്തിൽ തന്നെ കണക്ക് തെറ്റിച്ചു. ഓഫ്സ്റ്റമ്പിൽ പിച്ച് ചെയ്ത പന്ത് ഡിഫന്റ് ചെയ്യാനാണ് രോഹിത് ശർമ മുന്നോട്ടാഞ്ഞത്. പിച്ച് ചെയ്ത പന്ത് ബാറ്റ്‌സ്മാന് കുറുകെ സ്പിൻ ചെയ്തു. ബാറ്റിനും പാഡിനുമിടയിലൂടെ സ്റ്റമ്പിലേക്ക് വഴി കണ്ടു. അവിടുന്നങ്ങോട്ട് മൂളിയും മുരണ്ടും നീങ്ങിയ ഇന്ത്യ കഷ്ടിച്ചാണ് പരാജയം ഒഴിവാക്കിയത്. 

ഷെൽഡൻ കോടറൽ
ഷെൽഡൻ കോടറലിന്റെ ഒന്നാന്തരം യോർക്കർ ന്യൂസിലാന്റ് ഓപണർ മാർടിൻ ഗപ്റ്റിലിന്റെ പാഡിൽ പതിച്ചപ്പോൾ തന്നെ അപ്പീൽ ഉയർന്നതാണ്. അമ്പയർ കുലുങ്ങിയില്ല. വെസ്റ്റിൻഡീസ് നായകൻ ജെയ്‌സൻ ഹോൾഡർ ഡി.ആർ.എസ് അപ്പീൽ ചെയ്തു. അൾട്രാ എഡ്ജ് വിൻഡീസിന്റെ വാദം സ്ഥിരീകരിച്ചു. മിഡിൽ സ്റ്റമ്പിൽ പിച്ച് ചെയ്ത പന്ത് അവസാന സെക്കന്റിൽ സ്വിംഗ് ചെയ്ത് ബാറ്റിനെ കബളിപ്പിച്ച് ലെഗ്സ്റ്റമ്പിനു മുന്നിൽ പാഡിൽ പതിക്കുന്ന വഴി അൾട്രാ എഡ്്ജ് കൃത്യമായി കാണിച്ചു. ആദ്യ പന്തിൽ വിൻഡീസിന് വിക്കറ്റ്. 2015 ലെ ലോകകപ്പ് ക്വാർട്ടറിൽ തങ്ങൾക്കെതിരെ 237 റൺസടിച്ച ഗപ്റ്റിലിനോട് വിൻഡീസിന്റെ പ്രതികാരം. 

മിച്ചൽ സാന്റ്‌നർ
ഹാശിം അംല ഒട്ടും ഫോമിലല്ല. എങ്കിലും ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാനെ പുറത്താക്കാൻ ന്യൂസിലാന്റിന്റെ മിച്ചൽ സാന്റനർക്ക് സ്‌പെഷ്യൽ പന്ത് തന്നെ വേണ്ടി വന്നു. കൃത്യമായ ലെംഗ്തിൽ മിഡിൽസ്റ്റമ്പ് ലൈനിൽ പിച്ച് ചെയ്ത ശേഷം തിരിഞ്ഞ പന്ത് ഹാശിമിന്റെ ഓഫ്സ്റ്റമ്പ് തെറിപ്പിച്ചു. പോയന്റിലേക്ക് പന്ത് തട്ടിവിടാൻ ശ്രമിച്ച ഹാശിം നിസ്സഹായനായി. 

ആന്ദ്രെ റസ്സൽ
വെസ്റ്റിൻഡീസിന് വിജയിക്കാൻ തുടക്കത്തിൽ തന്നെ വിക്കറ്റ് വേണമായിരുന്നു. ഫഖർ സമാനെ ആന്ദ്രെ റസ്സൽ പുറത്താക്കിയ ശേഷം പാക്കിസ്ഥാൻ കുത്തനെ തകർന്നു. റസ്സലിന്റെ ബൗൺസറും അതിന്റെ വേഗവും പാക്കിസ്ഥാൻ ഓപണർ പ്രതീക്ഷിച്ചതിലുമേറെയായിരുന്നു. പുൾ ഷോട്ടിനു ശ്രമിച്ച ഫഖർ ഏറെ വൈകിപ്പോയി. ഹെൽമറ്റിലാണ് ബോൾ പതിച്ചത്. അവിടെ നിന്ന് സ്റ്റമ്പിലേക്ക് വീണു. 

ഒഷെയ്ൻ തോമസ്
ആരൺ ഫിഞ്ചിനെ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിക്കാൻ വെസ്റ്റിൻഡീസ് ബൗളർ ഒഷെയ്ൻ തോമസ് എറിഞ്ഞത് ഏതാണ്ട് കളിക്കാൻ സാധ്യമല്ലാത്ത പന്തായിരുന്നു. ഓഫ്സ്റ്റമ്പിലേക്ക് തിരിഞ്ഞുവന്ന പന്ത് പകുതി മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാനായിരുന്നു ബാറ്റ്‌സ്മാന്റെ ശ്രമം. എന്നാൽ ബാറ്റിന്റെ മൂലയിൽ തട്ടി അത് സ്ലിപ്പിൽ ക്യാച്ചായി. ഉജ്വലം. 

ജോഫ്ര ആർച്ചർ
ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ വിക്കറ്റ്‌കൊയ്ത്തുകാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. പുൾ ചെയ്യാനാണ് ഡുപ്ലെസി ശ്രമിച്ചത്. എന്നാൽ പന്ത് ഉയർന്നു കൊണ്ടിരുന്നു. ഫൈൻലെഗിൽ മുഈൻഅലിയുടെ കൈയിലേക്ക് പന്ത് പറന്നിറങ്ങി. ക്യാച്ചെടുക്കാൻ മുഈന് യുഗങ്ങൾ തന്നെ സമയമുണ്ടായിരുന്നു.
 

Latest News