Sorry, you need to enable JavaScript to visit this website.

യോഗയുടെ നിയോഗം രോഗമുക്തി

പത്മശ്രീ നൗഫ് അൽ മർവായ് 
അന്താരാഷ്ട്ര യോഗാദിനം അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്യുന്നു. പത്‌നി ഫർഹ, കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, സൗദി ശൂറാ കൗൺസിലംഗം ലിനാ ഖാലിദ് അൽ മഈന, നൗഫ് അൽ മർവായി എന്നിവർ സമീപം.
ഡോ. നാസ്‌നിൻ നൂർ റഹ്മാൻ ശൈഖ്, നൗഫ് അൽ മർവായി, ലിനാ ഖാലിദ് അൽ മഈന

വിട്ടുമാറാത്ത അലർജി, തളർവാതത്തിന്റെ അലോസരം- പതിനേഴു വയസ്സ് വരെ നൗഫ് അൽ മർവായ് എന്ന സൗദി പെൺകുട്ടി കഠിനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. റിയാദിലായിരുന്നു ബാല്യം. അറബ് ആയോധന കലയിൽ അതിവിദഗ്ധനും അറബ് മാർഷൽ ആർട്‌സ് ഫെഡറേഷന്റെ സ്ഥാപകനുമായ മുഹമ്മദ് അൽ മർവായിയുടെ മകളായ നൗഫ് ചെറുപ്പം തൊട്ടേ കളരിപ്പയറ്റ് പോലുള്ള കേരളീയ ആയോധന വിദ്യകളെക്കുറിച്ചും ഇന്ത്യൻ ചികിൽസാ രീതികളെക്കുറിച്ചും വായിച്ചറിഞ്ഞു. പല തവണ കേരളമടക്കം ഇന്ത്യയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ചു. 


എൺപതുകളിൽ സൗദിക്കു പുറമെ തുനീഷ്യയിലും ഈജിപ്തിലും മുഹമ്മദ് അൽ മർവായ് ആയോധനകലാ പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു. 
പിതാവിൽ നിന്നാണ് യോഗാഭ്യാസത്തെക്കുറിച്ച് നൗഫ് ആദ്യം കേട്ടത്. പിന്നീട് അതേക്കുറിച്ച് അറിയുന്നവരോടൊക്കെ ചോദിച്ച് മനസ്സിലാക്കി. വീഡിയോ ദൃശ്യങ്ങളിലൂടെ യോഗയുടെ ഗുണം മനസ്സിലാക്കി. ഇന്ത്യയിൽ പല തവണ പോവുകയും യോഗ പരിശീലിക്കുകയും ചെയ്തു. തികഞ്ഞ അർപ്പണ ബോധത്തോടെ, കഠിനമായ പരിശീലനത്തിലൂടെ യോഗയുടെ പാഠങ്ങൾ പ്രായോഗിക ജീവിതത്തിൽ പകർത്തിയതോടെ നൗഫിന്റെ അസുഖങ്ങൾ പൂർണമായും ഭേദമായി. രോഗം തടസ്സമായതിനെത്തുടർന്ന് ഇടയ്ക്ക് വെച്ച് നിർത്തിയ പഠനം നൗഫ് പുനരാരംഭിച്ചു. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡിഗ്രിയും സൈക്കോ തെറാപ്പിയിൽ പോസ്റ്റ് ഗ്രാഡ്വേഷനുമെടുത്തു. യോഗയെക്കുറിച്ച് കൂടുതൽ പുസ്തകങ്ങൾ വായിച്ചു. സസ്യഭക്ഷണം മാത്രമായി. പത്തൊമ്പതാം വയസ്സിൽ യോഗാഭ്യാസിയായി. ഇപ്പോൾ പൂർണമായ ആരോഗ്യം. തികഞ്ഞ മനഃശാന്തി. സദാ സംഗീത സാന്ദ്രമായ മനസ്സ് -നൗഫ് പറയുന്നു.
ശ്വസന നിയന്ത്രണത്തിലൂടെ യോഗ പരിശീലിച്ചു തുടങ്ങിയ തന്നെ യോഗാസന രീതികളുടെ വൈവിധ്യം ആകർഷിച്ചു. ഇന്ത്യൻ ഗുരുവിന്റെ സാന്നിധ്യത്തിൽ യോഗയുടെ എല്ലാ പ്രാഥമിക രീതികളും ഒരു വർഷത്തിനകം പഠിക്കാൻ സാധിച്ചു. മനസ്സിന്റേയും ശരീരത്തിന്റേയും ഇഛകളെ ക്രമീകരിക്കാനുള്ള യോഗയുടെ സിദ്ധിയിൽ ആകർഷിച്ചാണ് നൗഫ് തിരുവനന്തപുരത്തും കണ്ണൂരിലും പോയത്. മസ്തിഷ്‌കത്തെപ്പോലും നിയന്ത്രിക്കുന്ന കുണ്ഡലിനിയെ ഉണർത്തുന്ന യോഗയുടെ അതീന്ദ്രിയ പാഠങ്ങൾ നൗഫിൽ വലിയ മാറ്റം വരുത്തി. യോഗ പഠനം ക്രമേണ ആയുർവേദത്തിന്റെ അനന്തമായ അറിവുകളിലേക്ക് വാതിൽ തുറന്നു കൊടുത്തു. ഇന്ത്യൻ നഗരങ്ങളിലെ നീണ്ട സഞ്ചാരത്തിനിടെ നിരവധി യോഗാചാര്യന്മാരുമായും ആയുർവേദ വൈദ്യന്മാരുമായും നൗഫ് സൗഹൃദം സ്ഥാപിച്ചു.
യോഗാ രീതികളിൽ കഠിനമെന്നു കരുതുന്ന ഹഠയോഗ പോലും ഇവർക്ക് അനായാസം വഴങ്ങി. ഒപ്പം ആരോഗ്യ ശാഖയുടെ ആദിമ ശിഖരമായ ആയുർവേദം ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തു. യോഗയോടും ആയുർവേദത്തോടുമുള്ള അഗാധമായ അഭിനിവേശം ഈ രണ്ടു ശാസ്ത്ര ശാഖകളുടേയും വേരുകൾ കേരളത്തിൽ നിന്ന് സൗദി അറേബ്യയുടെ മണ്ണിലേക്ക് പറിച്ചുനടാൻ നൗഫിനെ പ്രേരിപ്പിച്ച കഥ കൂടിയാണിത്.


യോഗയും ആയുർവേദവും തന്റെ ജീവിത ശൈലിയെ മാറ്റി മറിച്ച ചരിത്രം ജിദ്ദ കിംഗ് റോഡിലെ മനോഹരമായ വില്ലയിലിരുന്ന് അവർ പങ്കുവെച്ചു. ഔഷധങ്ങളുടേയും കിഴി ചികിൽസയുടേയും നാടൻ മരുന്നുകളുടേയും കൊച്ചുലോകം അവർ തന്റെ വില്ലയുടെ ഔട്ട്ഹൗസിൽ സജ്ജീകരിച്ചിരിക്കുന്നു. 
സമാന്തര ചികിൽസക്ക് സൗദിയിൽ സാങ്കേതിക പരിമിതികളുണ്ടെങ്കിലും പുരാതന അറബ് ഗോത്രവർഗ ചികിൽസാ ശാഖകളും ഹെർബൽ, ഹോമിയോ, യുനാനി, ചൈനീസ് രീതികളും പഠിക്കാനും സംരക്ഷിക്കാനും ആരോഗ്യ മന്ത്രാലയം മുൻകൈയടുത്ത് നാഷനൽ സെന്റർ ഫോർ ആൾട്ടർനേറ്റീവ് ആന്റ് കോംപ്ലിമെന്ററി മെഡിസിൻ എന്ന ഏജൻസിക്ക് രൂപം നൽകിയിട്ടുണ്ട്. ഗൾഫ് യോഗ അലയൻസ് എന്ന യോഗ കൂട്ടായ്മയാണ് പിന്നീട് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ അറബ് യോഗ ഫൗണ്ടേഷന് രൂപം നൽകിയത്. 
ഇതിന്റെ സ്ഥാപക ചെയർപേഴ്‌സണായ നൗഫ് അൽ മർവായ് പൂർണമായും സേവന നിരതയായി ഈ രംഗത്ത് കൂടുതൽ സംഭാവനകൾ നൽകുന്നു. 
ആയുർവേദ ചികിൽസ തേടി കേരളത്തിലേക്ക് പോകുന്ന സൗദികളുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആയുർവേദ കേന്ദ്രങ്ങൾ ഔദ്യോഗികാനുമതിയോടെ ഇവിടെ തന്നെ തുടങ്ങുന്നത് ആശാവഹമായിരിക്കുമെന്നും നൗഫിന് അഭിപ്രായമുണ്ട്. 


ഇന്ത്യൻ യോഗാചാര്യന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിൽ മൂന്നു നാൾ നീണ്ടുനിന്ന യോഗാ വർക്ക്‌ഷോപ്പിലെ മുഖ്യ പ്രഭാഷകയായിരുന്നു നൗഫ്. സൗദി വനിതകൾക്കിടയിലാണ് യോഗ ചികിൽസ ഏറെ ആകർഷിക്കപ്പെട്ടതെന്ന് മനസ്സിലാക്കിയ നൗഫ് ഇതിനായി പ്രത്യേകം ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചു. അഞ്ചു വർഷം മുമ്പ് യോഗ സെന്റർ ജിദ്ദയിലാരംഭിച്ചു. നാനൂറ് വിദ്യാർഥിനികളിൽ മുന്നൂറോളം പേർ ഇതിനകം ഇവിടെ നിന്ന് യോഗ കോഴ്‌സ് പൂർത്തിയാക്കി. 
സ്വയം പ്രതിരോധ പദ്ധതിക്ക് 1990 ൽ കിംഗ് ഫഹദ് പുരസ്‌കാരം ലഭിച്ചിട്ടുള്ള ബാപ്പ മുഹമ്മദ് അൽ മർവായിയാണ് തന്റെ പദ്ധതികളുടെ പിന്നിലെ ഏറ്റവും വലിയ ശക്തിയെന്ന് നൗഫ് ചൂണ്ടിക്കാട്ടി. 

 

Latest News