ഷാര്‍ജ- ഷാര്‍ജയില്‍ ഇന്നലെ ഉച്ചക്കുണ്ടായ അഗ്നബാധയില്‍ 12 വെയര്‍ ഹൗസുകള്‍ കത്തിയമര്‍ന്നു. ഷാര്‍ജ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്‍സസ്ട്രിയല്‍ ഏരയ 13 ല്‍ നാഷണല്‍ പെയിന്റിസിനു സമീപമാണ് തീപ്പിടിത്തം. നാല് ഗോഡൗണുകള്‍ക്ക് തീപ്പിടിച്ചുവെന്നായിരുന്നു ആദ്യവിവരം. അഗ്നിശമന സൈനികര്‍ എത്തുമ്പോഴേക്കും തീ കൂടുതല്‍ വെയര്‍ഹൗസുകളിലേക്ക് പടര്‍ന്നു. ഡീസല്‍ കണ്ടെയ്നര്‍ കൂടി ഉണ്ടായിരുന്നതിനാലാണ് തീ വളരെ വേഗം പടര്‍ന്നതെന്ന് കണ്ടെത്തി.
ഫര്‍ണിച്ചര്‍ ഫാക്ടറി കോംപ്ലകസില്നിന്നാണ് തീ പടര്‍ന്നതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ആളപായമില്ലെന്ന് അധികൃതര്‍ സ്ഥരീകരിച്ചിട്ടുണ്ട്.
ഉച്ചക്ക് 12 മണിക്കുണ്ടായ അഗ്നിബാധ രണ്ടു മണിക്കൂറെടുത്താണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്. സംനാന്‍, സജ്ജ, മുവൈലിഹ് സ്റ്റേഷനുകളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തിച്ചേര്‍ന്നിരുന്നു. 12 മണിക്കാണ് വിവരം ലഭിച്ചതെന്നും അഞ്ച് മിനിറ്റനകം ഫയര്‍ഫോഴസ് സ്ഥലത്ത് എത്തിയതായും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ജനറല്‍ കേണല്‍ സാമി അല്‍ നഖബി പറഞ്ഞു.
ശക്തമായ കാറ്റുള്ളതിനാലാണ് തീ വേഗത്തില്‍ പടര്‍ന്നത്. മര ഉരുപ്പടികളും കെട്ടിട നിര്‍മാണ സാമഗ്രികളും ഉണ്ടായിരുന്ന നാല് വെയര്‍ഹൗസുകളാണ് ആദ്യം കത്തിയമര്‍ന്നത്. വെയര്‍ഹൗസുകളില്‍ ഉണ്ടായിരുന്നത് എളുപ്പം തീപ്പിടിക്കുന്ന വസ്തുക്കളായതിനാല്‍ പ്രദേശം മുഴുവന്‍ കടുത്ത പുക വ്യാപിച്ചിരുന്നു. വീണ്ടും തീ പിടിക്കാനുള്ള സാധ്യത പൂര്‍ണമായും അടച്ച ശേഷം സ്ഥലം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറും. നാശനഷ്ടവും അഗ്നിബാധയുടെ കാരണവും അതിനുശേഷം മാത്രമേ കണ്ടെത്താനവൂ.
ആളപായവും നാശനഷ്ടങ്ങളും ഒഴിവാക്കാന്‍ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് കേണല്‍ സാമി അല്‍ നഖബി വെയര്‍ഹൗസ് ഉടമകളോട് ആവശ്യപ്പെട്ടു.






