അബഹ - തുനീഷ്യയിൽ കൊല്ലപ്പെട്ട സൗദിയ ജീവനക്കാരൻ ഇബ്രാഹിം ബിൻ അഹ്മദ് അലി അസീരിയുടെ മയ്യിത്ത് സ്വദേശത്ത് ഖബറടക്കി. ജന്മദേശമായ മഹായിൽ അസീറിലെ അൽദറസ് ഡിസ്ട്രിക്ടിലെ കിംഗ് ഫഹദ് മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി മൃതദേഹം അൽനുസ്ഹ ഖബർസ്ഥാനിൽ മറവു ചെയ്തു. തുനീഷ്യയിൽ നിന്ന് വിമാന മാർഗം അബഹ എയർപോർട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് സ്വീകരിച്ച് മഹായിൽ അസീറിലെത്തിക്കുകയായിരുന്നു.
സൗദിയയിൽ സ്റ്റ്യുവാർഡ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഇബ്രാഹിം ബിൻ അഹ്മദ് അലി അസീരി ടൂനിസിലെ ഹോട്ടലിൽ വെച്ച് അജ്ഞാതരുടെ ആക്രമണത്തിനിരയാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അസീരി മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അന്ത്യശ്വാസം വലിച്ചത്.