Sorry, you need to enable JavaScript to visit this website.

ബഹ്‌റൈൻ മലയാളിയുടെ സിനിമ; സൗഹൃദത്തിന്റെ കഥ പറയുന്ന 'ചങ്ങായി'

'ചങ്ങായി' യിൽ നിന്നുള്ള രംഗം
ഷഹീറാ നസീർ 

ബഹ്‌റൈനിൽ ബിസിനസുകാരനായ സഹൃദയനും കലാസ്‌നേഹിയുമായ സുധേഷ് തലശ്ശേരിയുടെ ചിരകാലമോഹമാണ് ചങ്ങായി എന്ന ചലച്ചിത്രത്തിലൂടെ പൂവണിയുന്നത്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയ്ക്കു ശേഷം മുഹമ്മദ് ഷെഫീഖ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. നിതാന്ത സൗഹൃദത്തിന്റെ കഥ പറയുന്ന ചങ്ങായി ഒക്‌ടോബർ ആദ്യം തിയേറ്ററുകളിലെത്തും.

'പറവ' സിനിമയക്ക് ശേഷം അമൽ ഷാ, ഗോവിന്ദ പൈ എന്നിവർ ആദ്യമായി നായകരാവുന്ന സിനിമയും കൂടിയാണ് ചങ്ങായി. മോഹൻ സിത്താര ഈണം നൽകിയ രണ്ട് ഗാനങ്ങളും ബാലചന്ദ്രൻ ആഡൂർ എന്ന നവാഗത സംഗീത സംവിധായകൻ ചിട്ടപ്പെടുത്തിയ ഹിന്ദുസ്ഥാനി- സൂര്യ- രാഗത്തിലുള്ള മറ്റൊരു ഗാനവും 'ചങ്ങായി'ക്ക് വേണ്ടി രചിച്ചത് പ്രവാസി എഴുത്തുകാരിയും അബഹ ഖമീസ് മുഷൈത്ത് അൽജനൂബ് ഇന്റർനാഷനൽ സ്‌കൂൾ മലയാളം വകുപ്പ് മേധാവിയുമായ ഷഹീറാ നസീറാണ്. ജി. വേണുഗോപാൽ, വിധുപ്രതാപ് എന്നിവർക്ക് പുറമെ പുതുമുഖ ഗായകരും ചങ്ങായിയിൽ ഗാനങ്ങളാലപിക്കുന്നു. ഗായിക കൂടിയായ ഷഹീറാ നസീർ കഥാസമാഹാരങ്ങളും കവിതാ സമാഹാരവും രചിച്ചിട്ടുണ്ട്. മുരളി അപ്പാടത്ത് സംഗീതം നിർവഹിച്ച മൂന്ന് ആൽബങ്ങളും ഷഹീറാ നസീറിന്റേതായുണ്ട്. സലാം ബാപ്പു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ഷഹീറാ നസീർ ഗാനരചന നിർവഹിക്കുന്നുണ്ട്.

ചങ്ങായിയുടെ അണിയറ ശിൽപികളായ സുധേഷ് തലശ്ശേരി, മോഹൻ സിത്താര, ഹംസു ഫോർട്ട് കൊച്ചി എന്നിവരാണ് ഷഹീറയ്ക്ക് പാട്ടെഴുതാനുള്ള അവസരം നൽകിയത്. ബിസിനസുകാരനായ നസീറിനോടും മക്കളായ നസ്‌റിൻ, സൽമാൻ എന്നിവരോടുമൊപ്പം ഖമീസ് മുഷൈത്തിലാണ് ഓച്ചിറ സ്വദേശിയായ ഷഹീറയുടെ താമസം. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ എം. താജുദ്ദീൻ കുഞ്ഞിന്റേയും സഫിയത്തിന്റേയും മകളായ ഷഹീറയുടെ ഏക സഹോദരൻ ഷഫീർ. 
 

Latest News