അബുദാബി- സന്ദര്‍ശക വിസയിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍. തൃക്കരിപ്പൂര്‍ ചന്തേര പടിഞ്ഞാറെ വീട്ടില്‍ ശ്രീധരന്‍കോമരം- നാരായണി ദമ്പതികളുടെ ഏക മകന്‍ സജേഷിനാണ് (34) അപകടത്തില്‍ പരിക്കേറ്റത്.
സജേഷ് മഫ്‌റഖ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്.
ജോലി തേടി മൂന്നു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ സജേഷ് അബൂദാബിയിലെത്തിയത്. അബൂദാബിയിലെ ഒരു കമ്പനിയില്‍ ജോലി ലഭിച്ച സന്തോഷത്തിലായിരുന്നു. നാട്ടിലേക്ക് പോയി വരാനുള്ള ഒരുക്കത്തിനിടെയാണ് അപകടത്തില്‍പെട്ടത്. മുസഫ സനാഇയയിലെ ഫസ്റ്റ്, സെക്കന്റ് സിഗ്‌നലുകള്‍ക്കിടയില്‍ പ്രധാന റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. പോലീസെത്തിയാണ് പരിക്കേറ്റ സജേഷിനെ മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചത്.






