ജബല്‍പൂര്‍-മധ്യപ്രദേശില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ബലാത്സംഗക്കേസ്. കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.ഡി ജൂയലിനെതിരെ കേസെടുത്തത്.
ഐപിസി 376 (ബലാത്സംഗം) പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് പ്രവീണ്‍ സിംഗ് പറഞ്ഞു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2018 ഡിസംബര്‍ 29 ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
എഫ്ഐആര്‍ സമര്‍പ്പിക്കാനും പരാതി അന്വേഷിക്കാനും പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല്‍പതുകാരിയായ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസോ സംസ്ഥാന വനിതാ കമ്മീഷനോ പരാതി പരിഗണിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചിരുന്നു.
കീഴ്ക്കോടതിയുടെ ഉത്തരവ് വൈസ് ചാന്‍സലര്‍ ചോദ്യം ചെയ്തതോടെ ഹൈക്കോടതി 2019 ഫെബ്രുവരി എട്ടിന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തു. ജൂണ്‍ 20 ന് ഹൈക്കോടതി സ്റ്റേ നീക്കിയതായി പരാതിക്കാരിയുടെ അഭിഭാഷകന്‍ അമാന്‍ ശര്‍മ പറഞ്ഞു.
വെറ്ററിനറി കോളേജിലെ ആശുപത്രിയില്‍ തെറ്റായ ചികിത്സ മൂലം നായ ചത്തതിനെ കുറിച്ച് പരാതിപ്പെടാന്‍ പോയപ്പോഴാണ് താന്‍ വൈസ് ചാന്‍സലറെ പരിചയപ്പെട്ടതെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.
ജോലി വാഗ്ദാനം ചെയ്ത് 2018 മാര്‍ച്ച് 17 ന് വൈസ് ചാന്‍സലര്‍ തന്നെ വിളിച്ചുവെന്നും ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.
സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമാണ് നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റി.