ഹാജിമാര്‍ക്കായി ഇത്തവണ മിനായില്‍ പുതുമയുള്ള ടെന്റുകള്‍

മക്ക - കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന് ഇത്തവണത്തെ ഹജിന് മിനായിൽ ബഹുനില തമ്പുകൾ നിർമിക്കും. ചരിത്രത്തിൽ ആദ്യമായാണ് പുണ്യസ്ഥലങ്ങളിൽ ബഹുനില തമ്പുകൾ നിർമിക്കുന്നത്. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കും വിധം മിനായിൽ ബഹുനില തമ്പുകൾ നിർമിക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചനകളും പഠനങ്ങളും നടന്നിരുന്നെങ്കിലും പ്രായോഗിക തലത്തിൽ നടപ്പാക്കിയിരുന്നില്ല.


അറബ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് മിനായിലെ സ്ഥലപരിമിതിക്ക് പരിഹാരം കാണുന്നതിനും തീർഥാടകരെ ഉൾക്കൊള്ളുന്നതിനുള്ള ശേഷി ഉയർത്തുന്നതിനും ബഹുനില തമ്പുകൾ നിർമിക്കുന്നത്. ബഹുനില തമ്പുകൡലെ അടിയിലെ നിലകൾ തൊഴിലാളികളുടെ താമസ സ്ഥലങ്ങളായും ഭക്ഷ്യവസ്തുക്കളും മറ്റും സൂക്ഷിക്കുന്നതിനുള്ള സ്ഥലങ്ങളായും പ്രയോജനപ്പെടുത്തും. മുകൾ നിലകളിൽ തീർഥാടകരെ പാർപ്പിക്കുന്നതിന് ഉപയോഗിക്കും. ഓരോ തമ്പിലും എട്ടു തീർഥാടകരെ വീതം അധികം പാർപ്പിക്കുന്നതിന് ബഹുനില തമ്പുകൾ സഹായിക്കും. 


ബഹുനില തമ്പുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം മക്ക വികസന അതോറിറ്റിയുമായി സഹകരിച്ച് പഠനം നടത്തി നിർണയിച്ചിട്ടുണ്ടെന്ന് അറബ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ അബ്ബാസ് ഖത്താൻ പറഞ്ഞു. മക്ക വികസന അതോറിറ്റി അംഗീകരിച്ച രൂപകൽപനകൾക്ക് അനുസൃതമായി അത്യാധുനിക രീതിയിലാണ് തമ്പുകളുടെ മുൻവശങ്ങൾ സജ്ജീകരിക്കുക.

ആവശ്യാനുസരണം പൊളിച്ചുനീക്കുന്നതിനും ഫിറ്റ് ചെയ്യുന്നതിനും സാധിക്കും വിധമാണ് ബഹുനില തമ്പുകൾ സ്ഥാപിക്കുന്നത്. തീപ്പിടിക്കാത്ത പദാർഥങ്ങൾ ഉപയോഗിച്ചാണ് ബഹുനില തമ്പുകൾ നിർമിക്കുന്നത്. തമ്പുകളിലെ പഴയ എയർ കണ്ടീഷനറുകൾ മാറ്റി പുതിയ എ.സികൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ തമ്പ് സമുച്ചയത്തിലും പത്തു മുതൽ പതിനഞ്ചു വരെ ടോയ്‌ലറ്റുകൾ പുതുതായി നിർമിച്ചിട്ടുണ്ടെന്നും എൻജിനീയർ അബ്ബാസ് ഖത്താൻ പറഞ്ഞു. 
 

Latest News