അബുദാബി- ഒപ്പം ജോലി ചെയ്യുന്നയാളെ ക്യാമ്പില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നിര്‍മാണ തൊഴിലാളിയായ ഏഷ്യക്കാരനു 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ. പ്രതിയില്‍നിന്ന് ഈടാക്കുന്ന ഒരു ലക്ഷം ദിര്‍ഹം ഇരക്ക് നഷ്ടപരിഹാരമായി നല്‍കണം. വാക്കു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം. ഒടുവില്‍ അത് കത്തിക്കുത്തിലെത്തി. ഈ സമയത്ത് മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
സ്ഥലത്തുനിന്ന് മുങ്ങാന്‍ ശ്രമിച്ച പ്രതിയെ മറ്റു തൊഴിലാളികള്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. വയറിന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ തൊഴിലാളി ചികിത്സയിലൂടെ സുഖം പ്രാപിച്ചു. പ്രാഥമിക കോടതിയും ക്രിമിനല്‍ കോടതിയും വിധിച്ച ശിക്ഷക്കെതിരെപ്രതി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കീഴ്‌കോടതി വിധി ശരിവെക്കുകയായിരുന്നു.






