പി.കെ. ശ്യാമളക്ക് അന്വേഷണ സംഘത്തിന്റെ ക്ലീന്‍ ചിറ്റ്; വീഴ്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രം

കണ്ണൂര്‍ - പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷക്ക് ക്ലീന്‍ ചിറ്റ് നല്‍കി പ്രത്യേക അന്വേഷണ സംഘം. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും പി.കെ.ശ്യാമളക്കെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നുമാണ് ഡിവൈ.എസ്.പി കൃഷ്ണ ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വ്യക്തമാക്കുന്നത്. അതിനിടെ നഗരസഭാ സെക്രട്ടറി കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയും ബന്ധുക്കളും നല്‍കിയ മൊഴി മാത്രമാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളക്കെതിരെയുള്ളത്. എന്നാല്‍ ഇതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കാന്‍ എഞ്ചിനിയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് അനുവദിക്കാന്‍ തയ്യാറായിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ അന്വേഷണ സംഘം കണ്ടെത്തി. സാജന്റെ ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘം കഴിഞ്ഞ ദിവസം സാജന്റെ ഡയറി കണ്ടെടുത്തിരുന്നു. എന്നാല്‍ ഈ ഡയറിയില്‍ ആത്മഹത്യയ്ക്കു വഴിവെച്ച കാരണങ്ങളെക്കുറിച്ചോ, തനിക്കു നേരിടേണ്ടി വന്നുവെന്നു പറയുന്ന മാനസിക പീഡനങ്ങളെക്കുറിച്ചോ സൂചനകളില്ലെന്നാണ് അറിയുന്നത്. മാത്രമല്ല, സാജന്‍ ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നുമില്ല.
അതിനിടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ആന്തൂര്‍ നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഈ കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്ത് അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന കാര്യം മുന്‍കൂട്ടി കണ്ടാണ് ജാമ്യ ഹരജി നല്‍കിയതെന്നാണ് വിവരം. സെക്രട്ടറി ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രാഥമിക തെളിവുകള്‍ ശേഖരിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സനില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്യും.
അതിനിടെ, പ്രത്യേക അന്വേഷണ സംഘം ഇന്നലെ ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തി. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകളും വിവിധ അപേക്ഷകള്‍ നല്‍കിയതിന്റെ രേഖകളുമാണ് പ്രധാനമായും പരിശോധിച്ചത്. അവിടെയുള്ള ജീവനക്കാരുമായും സംസാരിച്ചു.  

 

Latest News