ദുബായ്- മകന്‍ മരിച്ച് എട്ടു വര്‍ഷത്തിന്‌ശേഷം അദ്ദേഹത്തിന്റെ സമ്പാദ്യം അമ്മയെ തേടിയെത്തി. കോട്ടയം പാല സ്വദേശി ഷിനോ അഗസ്റ്റിന്റെ അമ്മ മേരിക്കുട്ടി തോമസ് എന്ന 78 കാരിയെ തേടിയാണ് നിനച്ചിരിക്കാതെ വന്‍ തുക എത്തിയത്. മകനെ നഷ്ടപ്പെട്ടതിന് പകരമാവില്ല ഈ സൗഭാഗ്യമെന്ന് പറയുമ്പോഴും ജീവിത സായാഹ്നത്തില്‍ അവര്‍ക്ക് താങ്ങാവുകയാണ് ഈ പണം.
35 കാരനായ ഷിനോ ദുബായില്‍ ജോലി ചെയ്യുന്നതിനിടെയാണ് മരിച്ചത്. വിവാഹിതനല്ലാത്ത ഇദ്ദേഹത്തിന് അമ്മയും ഒരു ജ്യേഷ്ഠനും മാത്രമാണ് ഉണ്ടായിരുന്നത്. മകന്റെ മരണത്തിന്റെ നടുക്കത്തില്‍ അവന്റെ സ്വത്തുകാര്യങ്ങളൊന്നും അമ്മ അന്വേഷിച്ചില്ല. ജ്യേഷ്ഠന്‍ ചില അന്വേഷണങ്ങളൊക്കെ നടത്തിയെങ്കിലും അതേക്കുറിച്ചൊന്നും ഒരു വിവരവും ലഭിച്ചില്ല. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹവും ഈ ലോകത്ത് നിന്ന് വിടപറഞ്ഞതോടെ തനിച്ചായ മേരിക്കുട്ടിയാകട്ടെ, പിന്നീടതെല്ലാം വിട്ടു.
2016 ല്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് ഒരു ബന്ധു ഷിനോയുടെ ഇന്‍ഷുറന്‍സ് തുകയും മറ്റും ലഭിച്ചോ എന്ന കാര്യം അന്വേഷിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചില ടെലിഫോണ്‍ നമ്പരുകള്‍ നല്‍കി. ഇതില്‍ ബന്ധപ്പെട്ടതോടെ മകന്റെ അനന്തര സ്വത്തിലേക്ക് വഴി തുറക്കുകയായിരുന്നു. ഷിനോ തന്റെ വില്‍പത്രം തയാറാക്കിയിരുന്നു. ദുബായിലെ ജസ്റ്റ് വില്‍സ് എന്ന വില്‍പത്ര കമ്പനിയിലായിരുന്നു ഇത്. തൊഴിലുടമയും ഇതുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ പ്രതിനിധി മുഹമ്മദ് മറിയയുടെ കൈയില്‍ കേസ് എത്തിയതോടെ പുതിയൊരു അധ്യായം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് മേരിക്കുട്ടിയെ തേടി വിളിയെത്തി. നാലു ലക്ഷം ദിര്‍ഹം താങ്കളുടെ കുടുംബത്തിന് അവകാശപ്പെട്ടതായി ഉണ്ട്. അതില്‍ 1,75000 ദിര്‍ഹം അമ്മ മേരിക്കുട്ടിക്കാണ്. ബാക്കി ജ്യേഷ്ഠനും. 33 ലക്ഷത്തോളം വരും അമ്മക്കുള്ള വിഹിതം. ഷിനോയുടെ ശമ്പളം, ഇന്‍ഷുറന്‍സ് തുക, ഗ്രാറ്റുവിറ്റി അടക്കമാണ് ഈ തുക. തുകയുടെ അവകാശികളെ വ്യക്തമാക്കിയുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതോടെ ഈ തുക അവര്‍ക്ക് കൈമാറാം.