സൗദിയില്‍ കെട്ടിടം തകര്‍ന്ന് രണ്ടു വിദേശ തൊഴിലാളികള്‍ മരിച്ചു

യാമ്പു - അല്‍ബന്ദര്‍ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള ഇരു നില കെട്ടിടം തകര്‍ന്ന് രണ്ടു തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിയും ഈജിപ്തുകാരനുമാണ് മരിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത്  പരിക്കേറ്റ പാക്കിസ്ഥാനിയെയാണ് ആദ്യം പുറത്തെടുത്തത്. റെഡ് ക്രസന്റ് ആംബുലന്‍സില്‍ ഇയാളെ യാമ്പു ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി എട്ടരയോടെ പാക്കിസ്ഥാനിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് ഈജിപ്തുകാരന്റെ മൃതദേഹം പുറത്തെടുക്കാനായത്.
യാമ്പു ബലദിയ, യാമ്പു റോയല്‍ കമ്മീഷനു കീഴിലെ വ്യവസായ സുരക്ഷാ സേന, ആരോഗ്യ വകുപ്പ്, റെഡ് ക്രസന്റ്, ട്രാഫിക് പോലീസ്, പട്രോള്‍ പോലീസ്, യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും വ്യവസായ ശാലകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി.
സംഭവത്തെ കുറിച്ച് യാമ്പു ഗവര്‍ണര്‍ സഅദ് ബിന്‍ മര്‍സൂഖ് അല്‍സുഹൈമിക്ക് സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മദീന പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ജുഹനി പറഞ്ഞു.

 

 

Latest News