ഫുജൈറ- വീടിന് തീപ്പിടിച്ച് യു.എ.ഇ കുടുംബത്തിലെ സഹോദരരായ രണ്ട് കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചക്കാണ് വന്‍ ദുരന്തം. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കനത്ത പുക ശ്വസിച്ചാണ് രണ്ടു പേരും മരിച്ചത്.
മഥബ് പ്രദേശത്തെ വീട്ടില്‍ അഗ്‌നിബാധയുണ്ടായപ്പോള്‍ കുട്ടികളും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീ പടര്‍ന്നതോടെ അയല്‍ക്കാര്‍ക്ക് പോലും അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രി. അലി ഉബൈദ് അല്‍ തുനൈജി പറഞ്ഞു.
സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗവും അഗ്‌നിശമന സേനയും പോലീസും അഗ്‌നി പുറത്തേക്ക് പടരാതെ നിയന്ത്രിച്ചു. വീട് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു.
തീ പടരുമ്പോള്‍ രണ്ടാം നിലയില്‍ ഉറങ്ങുകയായിരുന്നു കുട്ടികള്‍. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. കുടുംബത്തിലെ മറ്റംഗങ്ങള്‍ താഴെ നിലയിലായിരുന്നു. തീ പടര്‍ന്ന ശേഷമാണ് അവര്‍ വിവരമറിഞ്ഞത്. തീപ്പിടിത്തത്തിന്റെ കാരണമറിയാന്‍ അന്വേഷണം ആരംഭിച്ചു.






