റിയാദ് - ഏതാനും ഇറാന്‍ നിര്‍മിത ഡ്രോണുകള്‍ യെമന്‍ വ്യോമമേഖലയില്‍ വെച്ച് സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ ഭരണകൂടം ഹൂത്തികള്‍ക്ക് നവീന ആയുധങ്ങള്‍ നല്‍കുകയാണ്.
ഇറാന്‍ നിര്‍മിത 'ക്രൂയിസ് യാ അലി' എന്ന ഇനത്തില്‍ പെട്ട റോക്കറ്റ് ഉപയോഗിച്ചാണ് ജൂണ്‍ 12 ന് അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തയാറാക്കുന്നതിന് ഹൂത്തികള്‍ ജനവാസ കേന്ദ്രങ്ങള്‍ ഉപയോഗിക്കുകയാണ്.
സഖ്യസേനയുടെ ആക്രമണങ്ങള്‍ക്കിടെ പരിക്കേറ്റ സാധാരണക്കാര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതിനകം 116 പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായി കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.