ഇന്ത്യൻ ഓഹരി വിപണി സാങ്കേതിക തിരുത്തലിലാണ്. മാസാരംഭത്തിൽ നൽകിയ സൂചന ശരിവെച്ചുകൊണ്ട് മൂന്നാഴ്ച്ചയായി ബോംബെ സെൻസെക്‌സും നിഫ്റ്റിയും തളർന്നു. അൽപ്പം ക്ഷമ അനിവാര്യമെന്ന് നിക്ഷേപകർക്ക് അന്ന് നൽകിയ ഉപദേശം അവരുടെ മടിശീല ചോരുന്നത് തടയാൻ ഉപകരിച്ചു. ജൂൺ മൂന്നിന് ഇതേ കോളത്തിൽ നൽകിയ വിലയിരുത്തലിന് ശേഷം സെൻസെക്‌സ് 1250 പോയിന്റും നിഫ്റ്റി 398 പോയിന്റും ചാഞ്ചാടി. മൂന്നാഴ്ച്ചക്കിടയിൽ സെൻസെക്‌സ് 928 പോയിന്റും നിഫ്റ്റിക്ക് 315 പോയിന്റും ഇടിഞ്ഞു.
ജൂൺ സീരീസ് സെറ്റിൽമെന്റിനുള്ള തയ്യാറെടുക്കുകയാണ് നിഫ്റ്റി. കേവലം മൂന്ന് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് മുന്നിലുള്ളത്. ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റി ഫ്യൂചർ ബുള്ളിഷാണെങ്കിലും 11,600 ലെ സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ വിപണി കൂടുതൽ ദുർബലമാകാം. ക്രൂഡ് ഓയിലിൽ ദൃശ്യമായ കുതിച്ചു ചാട്ടവും ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ ചലനങ്ങളും ഓപ്പറേറ്റർമാരിൽ ആശങ്ക ഉളവാക്കുന്നു. യു.എസ്-ഇറാൻ യുദ്ധ സാധ്യതകൾ തൽക്കാലം അസ്തമിച്ചത് പ്രതീക്ഷ നൽകുന്നു.
ഇന്ത്യൻ മാർക്കറ്റിന് മുന്നിൽ വെല്ലുവിളി ഉയർത്തുകയാണ് കാലവർഷം. ജൂൺ രണ്ടാം പകുതിയിലേക്ക് പ്രവേശിച്ചിട്ടും മഴമേഘങ്ങൾ സജീവമല്ല. ജൂൺ 22 വരെയുള്ള കാലയളവിൽ മഴയുടെ അളവ് ഏതാണ്ട് 44 ശതമാനം കുറഞ്ഞു. പ്രതിസന്ധികളുടെ മുൾ മുനയിൽ ജൂലൈ അഞ്ചിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഒരുങ്ങുന്നു.
റെഡിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച്ച സെറ്റിൽമെൻറ്റാണ്. പിന്നിട്ടവാരം നിഫ്റ്റി 11,842 പോയിന്റ് വരെ കയറിയപ്പോൾ അലയടിച്ച വിൽപ്പന സമ്മർദ്ദത്തിൽ 11,641 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 11,724 പോയിന്റിലാണ്. ഈവാരം 11,830 ലേക്ക് തിരിച്ചു വരവിനുള്ള ശ്രമം വിജയിച്ചാൽ 11,936 പോയിന്റ് വരെ സൂചിക മുന്നേറാം. എന്നാൽ 11,629 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 11,534-11,333 ലേയ്ക്ക് തിരുത്തൽ തുടരാം.
വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്. അതേ സമയം പാരാബോളിക്ക് എസ് എ ആർ, എം എ സി ഡി തുടങ്ങിയവ സെല്ലർമാർക്ക് അനുകൂലമാണ്. സ്‌റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ സോൾഡാണ്. നിഫ്റ്റി സൂചിക 11,492-12,082 റേഞ്ചിലെ ചട്ടകൂടിന് പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ്.
ബോംബെ സെൻസെക്‌സിന് മുൻവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ടായ 39,194 പോയിന്റിൽ ക്ലോസിങ് വേളയിൽ പിടിച്ചുനിൽക്കാനായി. ഒരവസരത്തിൽ സൂചിക 39,632 വരെ മുന്നേറിയശേഷം 38,872 ലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഈ വാരം സൂചിക 38,833 പോയിന്റിലെ താങ്ങിൽ നിലനിർത്തിയാൽ വീണ്ടും 39,592 ലേയ്ക്കും തുടർന്ന് 39,992 ലേയ്ക്കും തിരിച്ചു കയറാം. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സെൻസെക്‌സ് 38,472 ലേയ്ക്കും തുടർന്ന് ജൂലൈയിൽ 37,712 ലേയ്ക്കും തിരിയും.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 69.81ൽനിന്ന് 69.34-69.93 റേഞ്ചിൽ ചാഞ്ചാടിയ ശേഷം 69.61 ലാണ്. രൂപയ്ക്ക് ഈ വാരം 70.26 ൽ പ്രതിരോധവും 69.00 താങ്ങുമുണ്ട്.
അമേരിക്കൻ മാർക്കറ്റിൽ എണ്ണ വില ഒൻപത് ശതമാനം കയറി. രാജ്യാന്തര വിപണിയിൽ എണ്ണ വില അഞ്ച് ശതമാനം ഉയർന്നു. മാസാരംഭത്തിലെ ഒപ്പെക്ക് യോഗം എണ്ണ ഉൽപാദനം സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. 52.65 ഡോളറിൽ നിന്ന് ഉയർന്ന വാരാവസാനം 57.57 ഡോളറിലാണ്. അനുകൂല വാർത്തകൾക്ക് ക്രൂഡിനെ 60.67 ഡോളർ വരെ ഉയർത്താനാവും.
യു എസ് ഫെഡ് റിസർവ് അടുത്ത യോഗത്തിൽ പലിശ നിരക്ക് കുറക്കുമെന്ന സൂചനകൾ ആഗോള സ്വർണ വിപണിയെ സജീവമാക്കി. ട്രോയ് ഔൺസിന് 1341 ഡോളറിൽ നിന്ന് 1400 ലെ പ്രതിരോധവും തകർത്ത് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1406 ഡോളറിലെത്തി. വാരാന്ത്യം സ്വർണം 1399 ഡോളറിലാണ്. വിപണി ഉറ്റ്‌നോക്കുന്നത് 1496 ഡോളറിനെയാണ്. ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായാൽ 1342 ഡോളറിൽ താങ്ങുണ്ട്.