Sorry, you need to enable JavaScript to visit this website.

അമേരിക്കയും ഇറാനും ചര്‍ച്ചയിലേക്ക്; പുതിയ നീക്കം സ്വാഗതം ചെയ്ത് ഇറാന്‍

തെഹ്‌റാന്‍- ഗള്‍ഫ് മേഖലയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷത്തില്‍ അയവു വരുത്താനുള്ള ശ്രമങ്ങളെ ഇറാന്‍ സ്വാഗതം ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവിയുടെ പ്രസ്താവന. സംഘര്‍ഷം വളര്‍ത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്‌ന റിപ്പോര്‍ട്ട് ചെയ്തു.

പ്രശ്‌നത്തില്‍ ബ്രിട്ടന്റെ നിലപാട് ക്രിയാത്മകമല്ലെന്നും അവര്‍ അമേരിക്കയുടെ പക്ഷം ചേരുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടത് ഇറാന്റെ ഉറച്ച പ്രതികരണമാണെന്നും ആവര്‍ത്തിക്കുമെന്നും നാവിക സേനാ കമാന്‍ഡര്‍ റിയര്‍ അഡ് മിറല്‍ ഹുസൈന്‍ ഖാന്‍സാദി പറഞ്ഞു. ഇതുപോലെ ശക്തമായ പ്രതികരണങ്ങള്‍ തുടരുമെന്നും ശത്രുവിന് അത് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ സജ്ജമായിട്ടുണ്ടെങ്കിലും ഇറാനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ്  യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

സൗദിയിലെത്തിയ മൈക്ക് പോംപിയോ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തിയ ശേഷം യു.എ.ഇയിലേക്ക് പോകും.  

 

Latest News