ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജനസ്വാധീനം കുറയുന്നുവെന്ന് ബി.ബി.സി സര്‍വേ

ലണ്ടന്‍- അറബ് വസന്തത്തിനുശേഷം  മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും (മെന) ഇസ്ലാമിക പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം ഗണ്യമായി കുറഞ്ഞുവെന്ന് പഠനം. ബിബിസി അറബിയാണ് സര്‍വേ നടത്തിയത്. ഇഖ്‌വാനുല്‍ മുസ്ലിമൂന്‍ ശാഖകള്‍,  ഹമാസ്, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല എന്നിവക്കുണ്ടായിരുന്ന ജനസ്വാധീനം ഗണ്യമായി കുറഞ്ഞുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി ഇസ്ലാമിക ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ എത്രത്തോളം കുറഞ്ഞുവെന്നാണ്  പഠനം വെളിപ്പെടുത്തുന്നത്. ഈജിപ്തിലും തുനീഷ്യയിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കത്തില്‍ വന്‍വിജയം നേടിയെങ്കിലും കഴിഞ്ഞ എട്ടുവര്‍ഷമായി സ്വാധാനം കുറഞ്ഞു വരികയാണ്.  

2012-2013 നുശേഷം ജോര്‍ദാനിലും മൊറോക്കോയിലും  ബ്രദര്‍ഹുഡിന്റെ സ്വാധീനം 20 ശതമാനമാണ് കുറഞ്ഞത്. സുഡാനില്‍ ഇത് 25 ശതമാനമാണ്.

അറബ് വസന്തം ആരംഭിച്ച തുനീഷ്യയിലെ ഭരണ സഖ്യത്തിന്റെ ഭാഗമായ ബ്രദര്‍ഹുഡ് പ്രചോദിത പാര്‍ട്ടിയായ അന്നഹ്ദയും തിരിച്ചടി നേരിടുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. പ്രക്ഷോഭത്തിനുശേഷം ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവന്നിട്ടും പ്രസ്ഥാനത്തിലുള്ള വിശ്വാസം 24 ശതമാനം കുറഞ്ഞു.

2013 ല്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആരോപണം നേരിട്ട പാര്‍ട്ടിക്കെതിരെ കഴിഞ്ഞ വര്‍ഷവും ഗുരുതരമായ ആരോപണം ഉയര്‍ന്നു. സൈന്യത്തിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നുഴഞ്ഞുകയറാന്‍ സംഘടനകക്കു കീഴില്‍ രഹസ്യ വിഭാഗമുണ്ടെന്നായിരുന്നു ആരോപണം. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അന്നഹ്ദയെ സംബന്ധിച്ചിടത്തോളം പരീക്ഷണമായിരിക്കും.

ഫലസ്തീനില്‍, ഗാസ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിലുള്ള വിശ്വാസം 45 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറഞ്ഞു. ഇസ്രായില്‍ ഉപരോധം മൂലം പ്രദേശത്ത് ജീവിതം ദുസ്സഹമായതാണ് ഹമാസിന് തിരിച്ചടിയായത്.  

 

Latest News