കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് വാരം റിയാദില്‍ നിര്യാതനായി; മരണം കുടുംബം നാട്ടില്‍ പോകാനിരുന്ന ദിവസം

റിയാദ്- കുടുംബം നാട്ടില്‍ പോകാനിരിക്കെ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മിത്‌സുബിഷി കമ്പനി ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ വാരം ചതുര കിണര്‍ സ്വദേശി ഷൗക്കത്ത് (52) ആണ് ഞായര്‍ പുലര്‍ച്ചെ അല്‍ഹമ്മാദി ആശുപത്രിയില്‍ നിര്യാതനായത്. ഭാര്യ: നാറാത്ത് സ്വദേശിനി കെ.ടി സഫൂറ. മക്കള്‍: സവാദ്, ഫാത്തിമ സഹല, ഷാംഹുന്‍.
ശനിയാഴ്ച രാത്രി എട്ട് മണിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അല്‍ഹമ്മാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഷാനവാസ് ആറളത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഭാര്യയും കുട്ടികളും ഞായര്‍ രാത്രി കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തതായിരുന്നു.

 കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കിയോസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഷൗക്കത്ത് വാരത്തിന്റെ നിര്യാണത്തില്‍ കിയോസ് അനുശോചനം രേഖപ്പെടുത്തി.

 

 

Latest News