പെറ്റലിംഗ് ജയ- മലേഷ്യയില്‍ ഉന്നത ഉദ്യോഗസ്ഥയായി നിയമിതയായ ഇന്ത്യന്‍ വംശജ ലത്തീഫ കോയയുടെ പേരില്‍ പ്രചരിച്ച വ്യാജ ട്വിറ്റര്‍ സന്ദേശം വിവാദമായി. 2011 മുതല്‍ 2018 വരെ വണ്‍ മലേഷ്യ ഡെവലപ്‌മെന്റ് ഫണ്ടില്‍ (1എംഡിബി) നിന്നുള്ള സഹായത്തോടെ ഹജ് നിര്‍വഹിച്ചവര്‍ തുക തിരികെ നല്‍കണമെന്ന് മലേഷ്യയുടെ അഴിമതി വിരുദ്ധ കമ്മീഷന്‍ (എംഎസിസി) മേധാവി ലത്തീഫ കോയ ഉത്തരവിട്ടുവെന്നായിരുന്നു പ്രചരിച്ച വ്യാജ സന്ദേശം.

ഇത് വ്യാജസേന്ദശമാണെന്ന് എംഎസിസി ചീഫ് കമ്മീഷണര്‍ ലത്തീഫ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ട്വിറ്ററില്‍ അറിയിച്ചു.
ഒരു മാസം പണം തിരികെ നല്‍കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രചരിച്ച സന്ദേശത്തിലുണ്ടായിരുന്നു.
മന്‍പ്രധാനമന്ത്രി നജീബ് റസാഖ് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് വിവാദത്തിലായതാണ് മലേഷ്യ ഡെവലപ്‌മെന്റ് നിധി. സൗദി അറേബ്യയില്‍നിന്നടക്കം ലഭിച്ച സഹായം നജീബ് ഉപയോഗിക്കുകയും സ്വന്തക്കാര്‍ക്ക് നല്‍കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ അഴിമതി വിരുദ്ധ കമ്മീഷന്‍ അന്വേഷിച്ചുവരികയാണ്.ഹാജിമാര്‍ പണം തിരികെ നല്‍കേണ്ടിവരുമെന്ന ആശങ്ക 2018 ജൂണിലും ഉയര്‍ന്നിരുന്നു.
കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ പി.കെ. കോയയുടേയും പി.പി.കെ. ബീഫാത്തുവിന്റേയും മകളാണ് അഭിഭാഷകയായ ലത്തീഫ.
മലേഷ്യന്‍ പൗരത്വം സ്വീകരിച്ച ലത്തീഫയുടെ മാതാപിതാക്കള്‍ മാട്ടൂലില്‍ ജനിച്ചു വളര്‍ന്നവരാണ്. ലത്തീഫ ജനിച്ചത് മാട്ടൂലിലും പഠിച്ചു വളര്‍ന്നതു മലേഷ്യയിലുമാണ്.
പി.കെ.കോയ മലേഷ്യയിലെ പ്രശസ്ത പുസ്തക പ്രസാധകനാണ്. അദര്‍ പ്രസ്, ഐ.ബി.ടി എന്നിവയാണ് പ്രസാധനാലയങ്ങള്‍. ലത്തീഫ മലേഷ്യയിലെ പ്രമുഖ രാഷ്ടീയ നേതാവ് കൂടിയാണ്. പി.കെ. കോയ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകമാണ് ഹദീസ് ആന്റ് സുന്ന. ലത്തീഫയുടെ സഹോദരി സക്കിയ കോയ മലേഷ്യയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ്. ലത്തീഫയുടെ മറ്റു സഹോദരിമാര്‍: ആയിഷ, ജമീല. അബ്ദുറഹ്മാന്‍ കോയ സഹോദരനാണ്. ഇദ്ദേഹവും പുസ്തകമെഴുതിയിട്ടുണ്ട്.






