ടെലിവിഷന്‍ അവതാരക മെറിന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; പോലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ- മിസ് കേരള മത്സരാര്‍ഥിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന  മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് മെറിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മാതാപിതാക്കളില്‍നിന്ന് പോലീസ് മൊഴിയെടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കൈമാറിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം. ടോമി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയും ആലപ്പുഴയിലെ സ്വകാര്യ കാര്‍ ഷോറൂമിലെ ക്വാളിറ്റി മാനേജരുമായിരുന്ന മെറിനെ ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം തിരൂര്‍ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് അഭിലാഷിനൊപ്പം മെറിന്‍ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ നിഗമനം.

എന്നാല്‍, മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിനു തലേന്ന് വിളിച്ചപ്പോള്‍ അവള്‍ സന്തോഷവതിയായിരുന്നുവെന്നും മാതാവ് എലിസബത്ത് ബാബു പറഞ്ഞു.

മകള്‍ക്ക് അപകടമുണ്ടായെന്നാണ് ആദ്യം അറിയിച്ചത്. സംഭവശേഷം മകളുടെ ഫോണും മറ്റും തിരികെ നല്‍കാത്തതും സംശയത്തിനിടയാക്കുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകളെപ്പറ്റിയും കാര്യമായ അന്വേഷണം പോലീസ് നടത്തിയില്ല. തങ്ങളുടെ മൊഴിയെടുത്തത് സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്നുവെന്നും എലിസബത്ത് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടും റിപ്പോര്‍ട്ടും മറ്റും കിട്ടാന്‍ താമസിച്ചതിനാലാണ് പരാതി നല്‍കാന്‍ വൈകിയതതെന്ന് ബന്ധുക്കള്‍ പറയുന്നു.  മുഖ്യമന്ത്രിക്കും റേഞ്ച് ഐ.ജി.ക്കും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നതായും എലിസബത്ത് പറഞ്ഞു.

 

Latest News