Sorry, you need to enable JavaScript to visit this website.

ദ്യുതിയുടെ ഇരുൾ മൂടിയ കിനാവുകൾ

പരിശീലനത്തിൽ പങ്കെടുക്കാനുള്ള വില കുറഞ്ഞ സൈക്കിളിനു തന്ന രണ്ടരലക്ഷം രൂപയാകുമെന്ന് ദ്യുതി പറയുന്നു. ഒരു കായിക താരം പാലിക്കേണ്ട ആഹാരക്രമങ്ങൾ ദ്യുതിക്കിനും അന്യമാണ്. എന്നിട്ടും പരിശീലകരായ പലരുടേയും സഹായത്താൽ ആത്മവിശ്വാസം കൈവിടാതെ എത്തിയ ദ്യുതി ഇപ്പോൾ തളർന്നു പോകുകയാണ്.

അടുത്ത വർഷം - 2020 ൽ - ജപ്പാനിൽ നടക്കുന്ന ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സ്വപ്‌നങ്ങൾ നെയ്ത ഒരു നിർധന കായിക പ്രതിഭ താൻ നേടിയ നൂറുകണക്കിന് മെഡലുകളെയും ഒരു ചാക്കിൽ നിറച്ച് സൂക്ഷിച്ചിരിക്കുന്ന ട്രോഫികളെയും നോക്കി വിതുമ്പുകയാണ്. 2014 ഏഷ്യൻ ഗെയിംസ് മുതലാണ് ട്രെയത്തോൺ പരിശീലനം നേടിയാൽ ഒളിംപിക്‌സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് മനസ്സിലാക്കി അതിനായി കൊച്ചിയിലെ ട്രെയത്തോൺ അസോസിയേഷനുമായി ബന്ധപ്പെട്ട് പരിശീലനം തുടങ്ങിയത്.
നീന്തൽ, സൈക്ലിങ്, ഓട്ടം ഇവ മൂന്നും ചേർന്ന കായിക മത്സരയിനമാണ് ട്രെയത്തോൺ. എന്നാൽ നാലു വർഷമായി സ്വന്തം അധ്വാനം കൊണ്ട് പരിശീലനം തുടർന്ന നിർധനയായ ഈ കുട്ടിക്ക് പരിശീലനത്തിന് ഒരു സൈക്കിൾ പോലും വാങ്ങാൻ കഴിയില്ലെന്നറിഞ്ഞ് ദുഃഖം കടിച്ചമർത്തുകയാണിപ്പോൾ.
തിരുവനന്തപുരം അണ്ടൂർക്കോണം പഞ്ചായത്തിലെ പോത്തൻകോടിന് സമീപം കൊയ്ത്തൂർക്കോണത്ത് പഞ്ചായത്തിന്റെ സഹായത്താൽ നിർമിച്ച പണിതീരാത്ത കോവിൽ വീട്ടിലെ കൂരയ്ക്ക് കീഴിൽ കഴിയുന്ന നിർധനരും രോഗികളുമായ മാതാപിതാക്കൾക്കും മകൾ ദ്യുതിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നത് ചിന്തിക്കാനാകുന്നില്ല. കേരളത്തിലെ പ്രമുഖ നാടക സമിതികളിൽ അനവധി നാടകങ്ങളിൽ നിരവധി പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചവരാണ് മാതാപിതാക്കളായ കെ. സുധീറും പി. കോമള കുമാരിയും.
കായിക രംഗത്തുള്ള മകളുടെ അടങ്ങാത്ത അഭിനിവേശം അവളെ ദുഃഖിപ്പിക്കുമെന്നറിഞ്ഞ് ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ ഒരു ജോലിക്കു വേണ്ടി നിരവധി വാതിലുകൾ മുട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നിവേദനം നൽകി. പക്ഷേ എല്ലാം നിരർത്ഥകമായി.


9 ാം വയസ്സിലാണ് ദ്യുതി സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൊയ്ത്തൂർക്കോണം അക്വാട്ടിക് ക്ലബ്ബിൽ നീന്തൽ പരിശീലനം ആരംഭിച്ചത്. തിരുവള്ളൂർ എൽ.പി.എസിലും കൊയ്ത്തൂർക്കോണം ഇ.വി.യു.പി.എസിലും പഠിച്ചു. തുടർന്ന് പോത്തൻ കോട് എൽ.വി.എച്ച്.എസിൽ ചേർന്നപ്പോഴാണ് ദ്യുതിക്ക് സ്‌പോർട്‌സ് ഹോസ്റ്റൽ സെലക്ഷൻ കിട്ടി പിരപ്പൻകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അഡ്മിഷൻ ലഭിച്ചത്. തുടർന്ന് നെടുവേലി ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടു പഠനശേഷം കേരള യൂണിവേഴ്‌സിറ്റിയിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ ചേർന്നാണ് ഡിഗ്രി എടുത്തത്. ഈ പഠന കാലയളവിലാകെ ദ്യുതി നേടിയതാണ് നൂറുകണക്കിന് മെഡലുകളും ട്രോഫികളും.
ഡിഗ്രി കഴിഞ്ഞപ്പോൾ സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി ലഭിക്കുവാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അത് ലഭിക്കാത്തത് സാഹചര്യത്തിലാണ് കൊച്ചിയിലെ നേവൽ ബേസിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ താത്കാലിക ജോലി സമ്പാദിച്ചത്. 
ട്രെയത്തോൺ അസോസിയേഷൻ കൊച്ചിയിലായതിനാൽ ഇതിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് അവിടെ വാടകയ്ക്ക് താമസിച്ച് പരിശീലനം തുടരുന്നതിനിടയിൽ നേവൽ ബേസിലെ താത്കാലിക ജോലിയും നിലയ്ക്കുന്ന അവസ്ഥയായതോടെയാണ് ദ്യുതി വീണ്ടും യുവജനകാര്യ ഡയറക്ടറേറ്റിനേയും സ്‌പോർട്‌സ് കൗൺസിലിനേയും സമീപിച്ച് വിവരങ്ങൾ ധരിപ്പിച്ചത്. 
എന്നാൽ ട്രെയത്തോൺ അസോസിയേഷൻ സ്‌പോർട്‌സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്നും അതിനാൽ സഹായം ലഭ്യമാക്കാൻ കഴിയില്ലെന്ന മറുപടിയിൽ അവരെല്ലാം ഒതുക്കുകയായിരുന്നു.
പരിശീലനത്തിൽ പങ്കെടുക്കാനുള്ള വില കുറഞ്ഞ സൈക്കിളിനു തന്ന രണ്ടരലക്ഷം രൂപയാകുമെന്ന് ദ്യുതി പറയുന്നു. ഒരു കായിക താരം പാലിക്കേണ്ട ആഹാരക്രമങ്ങൾ ദ്യുതിക്കിനും അന്യമാണ്. എന്നിട്ടും പരിശീലകരായ പലരുടേയും സഹായത്താൽ ആത്മവിശ്വാസം കൈവിടാതെ എത്തിയ ദ്യുതി ഇപ്പോൾ തളർന്നു പോകുകയാണ്. ഒളിംപിക്‌സ് വരെ പരിശീലനം തുടരുവാൻ കുറഞ്ഞത് ആറ് ലക്ഷത്തി നാൽപത്തിയൊന്നായിരം രൂപയെങ്കിലുമാകുമെന്ന് ദ്യുതി തുപ്പൽതൊട്ട് കണക്കുകൂട്ടി വെച്ചിട്ടുണ്ട്.
ഒളിംപിക്‌സിൽ അതാതു രാജ്യത്തെ പ്രതിനിധീകരിക്കാൻ ഓരോ രാജ്യവും താരങ്ങളെ ഏറ്റെടുത്ത് എല്ലാ പരിശീലനവും സഹായവും നൽകുമ്പോൾ ഭാരതത്തെ പ്രതിനിധീകരിക്കുവാൻ കേരളത്തിൽ നിന്നുള്ള ഒരു കായിക താരത്തിന് ലഭിക്കുന്ന അസുലഭമായ സന്ദർഭത്തെ തട്ടിത്തെറിപ്പിക്കുകയാണ് കേരളം ചെയ്യുന്നതെന്ന് വ്യാപകമായ വിമർശനം ഇതിനകം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഒളിംപിക്‌സിൽ കേരളത്തിന് അഭിമാനമായി ഒരു താരത്തെ പങ്കെടുപ്പിക്കാൻ കിട്ടുന്ന അവസരം അധികൃതരുടെ അവഗണന കൊണ്ടു കളഞ്ഞുകുളിക്കുമ്പോൾ ദ്യുതിയെ തേടി മറ്റ് സംസ്ഥാനങ്ങൾ എത്തുവാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.

Latest News