വീടിനു പുറത്ത് ഉറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി

ഉന്നാവോ- ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിലെ സാഫിപൂര്‍ പോലീസ് സര്‍ക്കിള്‍ പരിധിയില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം.

വീടിനു പുറത്ത് ഉറങ്ങുകയായിരുന്നു പെണ്‍കുട്ടി. അര്‍ധ രാത്രിയോടെ പിതാവ് ഉണര്‍ന്നപ്പോള്‍ മകളെ കാണാനില്ലായിരുന്നു. സമീപത്തെ പാടത്ത് പ്രാഥമിക കൃത്യങ്ങള്‍ക്ക് പോയതായിരിക്കുമെന്നാണ് കരുതിയത്. സമയം വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും നടത്തിയ തിരച്ചിലില്‍ സമീപത്തെ മുന്തിരിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ നഗ്നശരീരത്തില്‍ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു.

പോക്‌സോ വകുപ്പ് പ്രകാരം ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉന്നാവോ പോലീസ് മേധാവി എം.പി വര്‍മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പ്രതികളെ പിടികൂടുന്നതിന് പോലീസ് സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

 

Latest News