ഭോപാൽ- കോൺഗ്രസ് ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷവും കമൽനാഥ് പക്ഷവും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയെ കൈപ്പിടിയിലാക്കാനുള്ള നീക്കങ്ങൾ ഇരുഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി കമൽനാഥിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിന്ധ്യാ പക്ഷം ഉന്നയിക്കുന്നത്. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്.
എന്നാൽ പാർട്ടിയിലെ ആഭ്യന്തര കലഹം ആയുധമാക്കി സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും നീക്കം നടത്തി വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ചരടുവലികൾക്കൊടുവിൽ കമൽനാഥിന് നറുക്ക് വീഴുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഒരു വിഭാഗം ശക്തമാക്കിയിരിക്കുകയാണ്. അധികാരത്തിലെത്തി ആറ് മാസത്തിനകം സംസ്ഥാനം നേരിട്ട തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ദയനീയ തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നാണ് സിന്ധ്യാ പക്ഷം ആരോപിക്കുന്നത്. യുവാക്കൾ മുൻനിരയിലേക്ക് വരണമെന്നും കമൽനാഥ് സ്ഥാനമൊഴിഞ്ഞ് പകരം ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. രാജി ആവശ്യം കമൽനാഥ് തള്ളിക്കളഞ്ഞു.
29 ലോക്‌സഭാ സീറ്റുകളുള്ള മധ്യപ്രദേശിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത മന്ത്രിസഭാ യോഗങ്ങളിലും പ്രതിഫലിച്ച് തുടങ്ങി.
സർക്കാർ ആറ് മാസം പിന്നിട്ട ശേഷം ആദ്യമായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിന്ധ്യ, കമൽനാഥ് അനുകൂലികൾ തമ്മിൽ വാക്ക് തർക്കമുണ്ടായി. മന്ത്രിസഭാ വിലുലീകരണം നടത്താനുള്ള കമൽനാഥിന്റെ നീക്കത്തെച്ചൊല്ലിയായിരുന്നു പ്രതിഷേധം.
230 അംഗ സംഭയിൽ 114 അംഗങ്ങളാണ് കോൺഗ്രസിന്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളായിരുന്നു. ബിഎസ്പിയുടെ രണ്ട് , ഒരു എസ്പി, നാല് സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. ബിഎസ്പി അടക്കമുള്ള സഖ്യകക്ഷികൾ ഭിന്ന സ്വരം ഉയർത്തിയതോടെയാണ് മന്ത്രിസഭാ വിപുലീകരണം നടത്തി ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാൻ കമൽനാഥ് ശ്രമം നടത്തിയത്. പുതിയ അംഗങ്ങളെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തിയാൽ നിലവിലുളള ചിലർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും, ഇതാണ് പ്രതിഷേധത്തിന് കാരണം.
മുഖ്യമന്ത്രി കമൽനാഥ് തങ്ങൾക്ക് അഭിപ്രായങ്ങൾ പറയാൻ സമയം അനുവദിക്കുന്നില്ലെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ മന്ത്രിമാരുടെ ആരോപണം. സിന്ധ്യാ പക്ഷത്തെ പ്രദ്യുമ്‌ന സിംഗ് തോറും കമൽനാഥിന്റെ അനുയായിയായ സുഖിദേവ് പാൻസെയുമാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ഇതോടെ മറ്റു മന്ത്രിമാരും ഇരുവിഭാഗങ്ങളിലായി അണിനിരന്നതോടെ മന്ത്രിസഭാ യോഗം രൂക്ഷമായ വാക്കേറ്റത്തിൽ കലാശിച്ചു.