ഇറാന് തിരിച്ചടി നല്‍കാന്‍ അമേരിക്ക ഒരുങ്ങുന്നു; മുംബൈ വിമാനം റദ്ദാക്കി

വാഷിംഗ്ടണ്‍- അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതിനു പിന്നാലെ വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇറാന്‍ സമുദ്രാതിര്‍ത്തിക്കു മുകളിലൂടെ പറക്കരുതെന്ന് അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് യു.എസ് വ്യോമ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) നിര്‍ദേശം നല്‍കി. ഹോര്‍മുസ് കടിലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെ പറക്കരുതെന്നാണ് നിര്‍ദേശം.

ഇറാന്‍ വ്യോമ സേന അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിടുമ്പോള്‍ ഈ മേഖലയിലൂടെ നിരവധി വിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. ഇറാന്‍ വലിയ പാതകം ചെയ്തുവെന്നാണ് നിരീക്ഷണത്തിനായി അയച്ച ചാര വിമാനത്തെ വെടിവെച്ചിട്ട നടപടിയെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഡ്രോണ്‍ തകര്‍ക്കുമ്പോള്‍ ഇതിന്റെ 45 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സവിലിയന്‍ വിമാനമുണ്ടായിരുന്നുവെന്ന് എഫ്എഎ ചൂണ്ടിക്കാണിക്കുന്നു.

http://malayalamnewsdaily.com/sites/default/files/2019/06/21/americanflight.jpg

വന്‍തോതില്‍ സിവില്‍ വിമാനങ്ങള്‍ പറക്കുന്ന മേഖലയില്‍ സൈനിക നടപടി വര്‍ധിക്കുന്നത് അത്യധികം ആശങ്കാ ജനകമാണെന്ന് എഫ്എഎ പറയുന്നു. വിമാനങ്ങള്‍ക്ക് എഫ്.എ.എ ഏര്‍പ്പെടുത്തിയ നിരോധം വടക്കെ അമേരിക്കയില്‍നിന്ന് ഏഷ്യയിലേക്കുള്ള സര്‍വീസുകളെയാണ് പ്രധാനമായും ബാധിക്കുക.

ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനം പ്രമുഖ യു.എസ് വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സ് റദ്ദാക്കി. ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്തിയിരുന്ന ഏക യു.എസ് വിമാന കമ്പനിയാണ് ഷിക്കാഗോ ആസ്ഥാനമായുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ്. ഇറാന്‍ വ്യോമപാതയിലൂടെ പറക്കില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവയും വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് യു.എസ് നാവിക സേനയുടെ ഡ്രോണ്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡിനു കീഴിലുള്ള വ്യോമസേന മിസൈല്‍ അയച്ച് തകര്‍ത്തത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കു മുകളിലൂടെയാണ് ഡ്രോണ്‍ പറന്നതെന്ന അമേരിക്കയുടെ വാദം ഇറാന്‍ തള്ളി. ഈ സംഭവത്തില്‍ അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തി തിരിച്ചടിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

 

Latest News