തിരുവനന്തപുരം- കേരളത്തില്‍ തീവ്രവാദത്തില്‍നിന്ന് പിന്തിരിപ്പിച്ച മൂവായിരത്തോളം പേര്‍ നിരീക്ഷണത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. 21 കൗണ്‍സലിംഗ് കേന്ദ്രങ്ങളിലൂടെ തീവ്രവാദത്തില്‍നിന്ന് പിന്തിരിപ്പിച്ച ഇവരില്‍ ഭൂരിഭാഗം പേരും വടക്കന്‍ കേരളത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍നിന്ന് 100 പേര്‍ ഭീകരസംഘടനയായ ഐ.സിലേക്ക് പോയെന്നും പോലീസ് ഉദ്യഗസ്ഥനെ ഉദ്ധരിച്ച് എന്‍.ടി.ഡി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസില്‍ ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പോലീസ് മേധാവികളോട് നിര്‍ദേശിച്ചതായും തീവ്രവാദത്തില്‍ ആകൃഷ്ടരാകുന്ന പോലീസുകാരെ കണ്ടെത്താന്‍ 12 ഓണ്‍ലൈന്‍ കെണികള്‍ ഒരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീലങ്കയില്‍ ഏപ്രില്‍ 21 ന് നടന്ന ചര്‍ച്ച് ആക്രമണങ്ങള്‍ക്കുശേഷം വിവിധ സംഘടനകളില്‍പെട്ട 30 പേര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് സ്ഥിരീകരിച്ചു.
സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിട്ട ഐ.എസ് ഇനി ഇന്ത്യയും ശ്രീലങ്കയും ലക്ഷ്യമിടുമെന്ന് ഇന്റലിജന്‍സ് വിവരങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഇന്റലിജന്‍സ് കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ച മൂന്ന് കത്തുകളിലാണ് സുപ്രധാന വിവരങ്ങള്‍ ഉള്ളത്.
കൊച്ചിയിലെ ഷോപ്പിംഗ് മാളുകളടക്കം ഐ.എസ് ലക്ഷ്യമിട്ടതായും ഐ.എസ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ സജീവമാണെന്നും ഇതിലൊരു കത്തില്‍ പറയുന്നു. കേരളം,തമിഴ്‌നാട്, ആന്ധ്രപ്രദേശ്,കശ്മീര്‍ സംസ്ഥാനങ്ങള്‍ ഐ.എസ് സ്വാധീനം നേടാനിടയുള്ള സംസ്ഥാനങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലഗ്രം മെസഞ്ചര്‍ ആപ്പാണ് ഇതുവരെ ഐ.എസുകാര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതെങ്കില്‍ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷിതമായ ചാറ്റ്‌സെക്യൂര്‍, സിഗ്‌നല്‍, സൈലന്റ് ടെക്‌സ്റ്റ് തുടങ്ങിയവയിലേക്ക് മാറിയതായും ഇന്റലിജന്‍സ് ഏജന്‍സി കൈമാറിയ ഒരു കത്തില്‍ പറയുന്നു.
പോലീസുകാരന്‍ ഐ.എസുകാരനായി ചമഞ്ഞ് പ്രതിയെ വലയിലാക്കി
വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം