പ്രവാസി വ്യവസായി ജീവനൊടുക്കി; നഗരസഭയുടെ പീഡനമെന്ന് ബന്ധുക്കള്‍

കണ്ണൂര്‍ - ബക്കളം ദേശീയപാതയോരത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ കണ്ണൂര്‍ കൊറ്റാളി അരയാമ്പേത്ത് ഗോകുലത്തില്‍ പാറയില്‍ സാജന്‍(48) തൂങ്ങി മരിച്ചു. ആന്തൂര്‍ നഗരസഭാ അധികൃതര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഓഡിറ്റോറിയത്തിനു ലൈസന്‍സ് നിഷേധിച്ചതാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.


വര്‍ഷങ്ങളായി നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍, തന്റെ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ചാണ് 16 കോടി രൂപ ചെലവില്‍ ദേശീയപാതയോരത്ത് കണ്‍െവന്‍ഷന്‍ സെന്റര്‍ പണിതത്. നെല്ലിയോട്ട് ക്ഷേത്രത്തിനു എതിര്‍വശത്തെ സ്ഥലത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ ലൈസന്‍സ് നല്‍കാന്‍ ആന്തൂര്‍ നഗരസഭ അധികൃതര്‍ തയാറായില്ല.


നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തിനു നമ്പര്‍ ലഭിച്ചിട്ടില്ല. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാലാണ് ലൈസന്‍സ് നിഷേധിച്ചത്. തുടര്‍ന്ന് പ്രവേശന കവാടം മാറ്റി പണിയുകയും വീണ്ടും ലൈസന്‍സിനു അപേക്ഷ നല്‍കുകയും ചെയ്‌തെങ്കിലും നഗരസഭാ അധികൃതര്‍ വഴങ്ങിയില്ല.  
തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍, വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ എന്നിവരെ സാജന്‍ നേരില്‍ കാണുകയും വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. കെട്ടിട നിര്‍മാണ ചട്ടം പാലിച്ച സാഹചര്യത്തില്‍ ലൈസന്‍സ് അനുവദിക്കണമെന്ന് പി.ജയരാജന്‍ പാര്‍ട്ടി കീഴ് ഘടകത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നമ്പര്‍ നല്‍കാന്‍ നഗരസഭ അധികൃതര്‍ തയ്യാറായില്ല.
ജീവിത സമ്പാദ്യമായ 16  കോടി രൂപ നഷ്ടപ്പടുമോ എന്ന മനോവിഷമത്താലാണ് സാജന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കെട്ടിട നര്‍മാണ ചട്ടം പാലിച്ചുവോ എന്നു പരിശോധിച്ച് ലൈസന്‍സ് നല്‍കുന്നത് നഗരസഭാ ഉദ്യോഗസ്ഥരാണെന്നും ഇക്കാര്യത്തില്‍ മറ്റുളളവര്‍ ഇടപെടാറില്ലെന്നുമാണ് നഗരസഭ അധികൃതരുടെ വാദം.


സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റരുടെ ഭാര്യ പി.കെ.ശ്യാമള ടീച്ചറാണ് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍. ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, എഞ്ചിനിയര്‍ തുടങ്ങിയവരെ നിരന്തരം കണ്ട് സംസാരിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കൊറ്റാളിയിലെ ലക്ഷ്മണന്‍ - മൈഥിലി ദമ്പതികളുടെ മകനാണ് സാജന്‍. പാര്‍ഥിപ്, അര്‍പ്പിത എന്നിവര്‍ മക്കളാണ്. ശ്രീജിത്ത്, ഗുണശീല, വത്സല, ശ്രീലത എന്നിവര്‍ സഹോദരങ്ങളും.

 

Latest News