ആവശ്യങ്ങൾ നിരാകരിച്ച് ഖത്തർ; പ്രതിസന്ധി നീളും

ദോഹ- ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ ഖത്തർ നിരസിച്ചു. പ്രശ്‌ന പരിഹാരം വൈകുമെന്ന സൂചനയാണ് ഖത്തറിന്റെ പ്രതികരണത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഖത്തറിന്റെ ഔദ്യോഗിക വാർത്താ ചാനലായ അൽ ജസീറ അടച്ചുപൂട്ടുകയെന്നതുൾപ്പെടെ 13 ഉപാധികളാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദിയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടു വെച്ചത്. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വഴിയാണ് ഇവർ ഉപാധികൾ ഖത്തറിനു കൈമാറിയത്. 
ഉപാധികളിൻമേലുള്ള തീരുമാനം അറിയിക്കാൻ 10 ദിവസത്തെ സമയമാണ് ഇവർ ഖത്തറിനു നൽകിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഉപാധികൾ തള്ളി ഖത്തർ രംഗത്തെത്തിയത്. യാഥാർഥ്യ ബോധമില്ലാത്ത ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് ഖത്തർ പറഞ്ഞു.
അൽ ജസീറ ചാനലും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടുക, ഖത്തറിൽ തുർക്കി സൈനികത്താവളം റദ്ദാക്കുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുക, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം അവസാനിപ്പിക്കുക, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, നാലു രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്ക് ഖത്തർ പൗരത്വം നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളാണ് മുന്നോട്ടു വെച്ചിരുന്നത്. 
രാജ്യത്തിന്റെ പരമാധികാരവും വിദേശ നയവും മറ്റുള്ളവർക്ക് വിട്ടുകൊടുക്കില്ല. ഇപ്പോഴത്തെ സ്ഥിതി സുഖകരമാണ്. ഖത്തറിന്റെ ഇഷ്ടത്തിനനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും അതിൽ പ്രശ്‌നമില്ലെന്നും യു.എസിലെ ഖത്തർ സ്ഥാനപതി പ്രതികരിച്ചു. പ്രതിസന്ധി ഉടൻ പരിഹരിക്കാൻ ഖത്തറിനു മേൽ സമ്മർദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ യു.എസ്, ബ്രിട്ടീഷ് വിദേശ സെക്രട്ടറിമാർ മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾക്ക് നിരക്കുന്നതല്ല 13 ആവശ്യങ്ങളെന്നും ഖത്തർ പറഞ്ഞു.
 

Latest News