'പേരുദോഷം' മാറാൻ പേര് മാറ്റുമെന്ന് ബോയിങ്  

ഷിക്കാഗോ - ബോയിങ്ങിന്റെ ഏറ്റവും പുതിയ ജെറ്റ് ലൈൻ  737 മാക്സിൻറെ   ബ്രാൻഡ് നാമം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് കമ്പനി. മാർച്ച് മാസത്തിൽ എത്യോപ്പ്യയിലും ഇന്തോനേഷ്യയിലും വിമാനങ്ങൾ തകർന്നു വീണത് 737 മാക്സ് വിമാനങ്ങളുടെ  പേരിന് മങ്ങലേൽപിച്ചിരുന്നു. ബോയിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ജെറ്റ് ലൈനാണ് 737 മാക്സ്. 

പാരീസിൽ നടന്ന എയർഷോയിൽ ബോയിങ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഗ്രഗ് സ്മിത്ത് ആണ്  ഇക്കാര്യം വിശദമാക്കിയത്. ജെറ്റ് ലൈനുകളുടെ പേരുദോഷം മാറാൻ എന്ത് ചെയ്യാനും തയ്യാറാണെന്നും പേരാണ് പ്രശ്നമെങ്കിൽ അത് മാറ്റാനും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. 

പേര് മാറ്റുന്നതിലല്ല, വിമാനങ്ങളുടെ സുരക്ഷിതത്വം കൂട്ടുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഗ്രെഗ് അറിയിച്ചു.  അപകടങ്ങൾക്കു ശേഷം 3 മാസത്തോളമായി 737 മാക്സ് വിമാനങ്ങളുടെ പറക്കൽ നിർത്തി വച്ചിരിക്കുകയാണ്.  'മാക്സ്' എന്ന ബ്രാൻഡ് നാമത്തിലുള്ള ജെറ്റുകളാണ് ബോയിങ്ങിന്റെ  ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വിമാനങ്ങൾ. 737 മാക്സ് പുറത്തിറങ്ങിയ ഉടൻ 5000 ഓർഡറുകൾ ലഭിച്ച ജെറ്റ് ലൈനുകൾക്ക് അപകടത്തിന് ശേഷം ഒരു ഓർഡർ പോലും ലഭിച്ചിട്ടില്ല. 

വിമാനങ്ങളുടെ ബ്രാൻഡ് നാമം മാറ്റണമെന്ന നിർദേശം ആദ്യം മുന്നോട്ടു വച്ചത് പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പാണ്. ഞാനായിരുന്നു എങ്കിൽ, വിമാനം പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ബ്രാൻഡ് നാമം മാറ്റി പ്രശ്നം പരിഹരിക്കുമായിരുന്നു എന്ന് ട്രമ്പ് ട്വീറ്റ് ചെയ്തിരുന്നു.

 

Latest News