യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച പോലീസുകാരന് ജോലി പോയി

ലഖ്‌നൗ- ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ട യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട യു.പിയിലെ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

സംസ്ഥാന സായുധ സേനയിലെ പോലീസ് കോണ്‍സ്റ്റബിള്‍ മുനീഷ് യാദവിനെയാണ് പിരിച്ചുവിട്ടത്. ശനിയാഴ്ച രാവിലെ ഇയാള്‍ പോലീസ് യൂനിഫോമിനൊപ്പം സമാജ് വാദി പാര്‍ട്ടിയുടെ ചുവന്ന തൊപ്പി കൂടി ധരിച്ചാണ് കലക്ടറേറ്റില്‍ എത്തിയിരുന്നത്. ഇദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചെങ്കിലും അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു.

കലക്ടറേറ്റില്‍ എത്തിയ ഇയാളുടെ കൈയില്‍ യോഗി സര്‍ക്കാരിനെ പിരിച്ചുവിടുക എന്ന ബോര്‍ഡ് ഉണ്ടായിരുന്നു.  യോഗി സര്‍ക്കാര്‍ ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അതിനാല്‍ പിരിച്ചുവിടണമെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് മുഖേനെ സംസ്ഥാന ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനാണ്  എത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി.

എന്നാല്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജെ.ബി സിങ് വ്യക്തമാക്കി. ഇറ്റാവ സ്വദേശിയായ മുനീഷ് നോയിഡയിലാണ് ജോലി ചെയ്യുന്നത്. അച്ചടക്കലംഘനം നടത്തിയതിനാണ് ഇയാളെ പിരിച്ചുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News