Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദില്‍ അബോധാവസ്ഥയിലായ മലയാളി ബാലനെ നാട്ടിലേക്ക് കൊണ്ടു പോയി

റിയാദ്- വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടര മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന മലയാളി ബാലനെ വിദഗ്ധ ചികിത്സക്കായി ഡോക്ടറുടെയും നഴ്‌സിന്റെയും അകമ്പടിയോടെ നാട്ടിലേക്ക് കൊണ്ടു പോയി. ഞായറാഴ്ച ഉച്ചക്ക് ശേഷം റിയാദ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മംഗലാപുരം സ്വദേശിയായ റിയാസ് ഹസന്റെ മകന്‍ റിദ്‌വാ(12)നെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. കൊച്ചിയില്‍ നിന്ന് ആംബുലന്‍സില്‍  മംഗലാപുരം കസ്തുര്‍ബ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

യു.എ.ഇയിലെ സന്നദ്ധ സംഘമായ യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസ് ടീം മെഡിക്കല്‍ ഉപകരണങ്ങളുമായി റിയാദിലേക്ക് അയച്ച ഡോ. പിങ്കി എലിസബത്ത്, നഴ്‌സ് അരുണ്‍ ആനന്ദ് എന്നിവരാണ് രോഗിയെ അനുഗമിച്ചത്.

http://malayalamnewsdaily.com/sites/default/files/2019/06/16/p3ridwan2.jpg

മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂറോളം വൈകി. രോഗിക്കും ഡോക്ടര്‍ക്കും നഴ്‌സിനും ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റ് നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടാണ് കുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

മാര്‍ച്ച് 28ന് രാത്രി റിയാസ് ഹസന്‍ ഓടിച്ച കാര്‍ ഓള്‍ഡ് സനയ്യയില്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ റിയാസിനും മക്കളായ റിദ്‌വാന്‍, റിഷാന്‍, റിഫാസ്, ഭാര്യ ഷഹ്നാസ്, ഭാര്യാ മാതാവ് പാത്തുഞ്ഞി എന്നിവര്‍ക്ക് പരിക്കേറ്റത്. എല്ലാവരേയും റെഡ്ക്രസന്റ് വിഭാഗം മലസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിലായ റിദ്‌വാന്‍ ഒഴികെയുള്ളവര്‍ രണ്ടാഴ്ചക്ക് ശേഷം ആശുപത്രി വിട്ടു. 28 ദിവസം ചികിത്സ തുടര്‍ന്നെങ്കിലും റിദ്‌വാന്റെ നിലയില്‍ പുരോഗതിയുണ്ടായില്ല.
തുടര്‍ന്ന് ആസ്റ്റര്‍ സനദ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തി.  റിദ് വാന്‍ ഭാഗികമായി ചലനശേഷിയും ബോധവും വീണ്ടെടുത്തിട്ടുണ്ട്.
കൈകാലുകള്‍ പൊട്ടിയ പാത്തുഞ്ഞിയെ ഡിസ്ചാര്‍ജ് ചെയ്ത് സ്‌ട്രെച്ചര്‍ സൗകര്യത്തോടെ നാട്ടിലയച്ചു. റിഷാന്‍, റിഫാസ് എന്നീ മക്കളെയും അവരോടൊപ്പം നാട്ടില്‍ വിട്ടു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെങ്കിലും പൂര്‍ണമായി സുഖം പ്രാപിക്കാത്ത റിയാസും ഭാര്യയും റിദ്‌വാനെ നാട്ടിലെത്തിക്കുന്നതിനുള്ള വഴികള്‍ തേടുകയായിരുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കാറായതിനാല്‍ ചികിത്സ തുടരാനുള്ള പണം ഇവരുടെ കൈവശമുണ്ടായിരുന്നില്ല. റിയാദില്‍ വര്‍ഷങ്ങളായി ഓഡിയോ വിഷ്വല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് റിയാസ്.
അനുഗമിക്കാന്‍ ഒരു ഡോക്ടര്‍, നഴ്‌സ്, വെന്റിലേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ടെങ്കില്‍ മാത്രമേ ബാലനെ വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് ശിഹാബ് യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസ് ടീമുമായി ബന്ധപ്പെട്ടത്. അവര്‍ സഹായിക്കാന്‍ മുന്നോട്ട് വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൊച്ചിയിലെത്തിച്ച് അവിടെ ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സ തുടരാനായിരുന്നു ഇവരുടെ പദ്ധതി. അതിനിടെ കര്‍ണാടക ആരോഗ്യമന്ത്രി ഇടപെട്ട് കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സ സൗകര്യമൊരുക്കി. കൊച്ചിയില്‍ രാത്രിയെത്തുന്ന രോഗിയെ പ്രത്യേക ആംബുലന്‍സിലാണ് കസ്തൂര്‍ബയിലേക്ക് കൊണ്ടുപോവുക.

 

 

Latest News