ശ്രീനഗര്‍- പുല്‍വാമ ഭീകരാക്രമണത്തിനു സമാനമായ രീതിയില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ആക്രമണ സാധ്യതയെ കുറിച്ച് അമേരിക്കയും പാക്കിസ്ഥാനുമാണ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആക്രമണ നീക്കത്തിനു പിന്നില്‍ ഭീകര സംഘടനയായ അല്‍ഖാഇദയാണെന്നും വിവരമുണ്ട്. ഭീകരവാദത്തിനെതിരെ കൂടുതല്‍ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഷാങ്ഹായ് കോഓപ്പറേഷന്‍ കൗണ്‍സില്‍ ഉച്ചക്കോടിക്കിടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.
കശ്മീരിലെ ട്രാല്‍ മേഖലയില്‍ സാക്കിര്‍ മൂസയെന്ന ഭീകരനെ വധിച്ചതിന് അല്‍ഖാഇദ ഇന്ത്യന്‍ സേനയോട് പകരം ചോദിക്കുമെന്നാണ് പാക്കിസ്ഥാന്റേയും അമേരിക്കയുടേയും മുന്നറിയിപ്പ്.
ഹിസ്ബുല്‍ മുജാഹിദീനില്‍ പ്രവര്‍ത്തിച്ചിരുന്ന സാക്കിര്‍ മൂസ മൂന്ന് വര്‍ഷം മുമ്പാണ് അതില്‍ നിന്ന് വിഘടിച്ച് അല്‍ഖാഇദയുടെ ഭാഗമായത്.






