തിരുവനന്തപുരം- കേരളത്തിലും ഡോക്ടര്‍ക്ക് മര്‍ദ്ദനം. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ ചത്തതിനെത്തുടര്‍ന്നാണ് വെറ്റിറനറി ഡോക്ടര്‍ക്ക് മര്‍ദ്ദനം. തിരുവനന്തപുരം പേരൂര്‍ക്കടയിലെ വെറ്ററിനറി ആശുപത്രിയിലെ ഡോ. അനൂപിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡോ. അനൂപ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വെറ്റിറനറി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു.
സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐ.പി.സി 332, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ചയാണ് ടിക്ക് ബോണ്‍ ഡിസീസിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിക്ക് ഇല്ലാതിരുന്നിട്ടും ഉച്ചക്കഴിഞ്ഞുള്ള ഷിഫ്റ്റിനു നേരത്തെ വന്ന അനൂപ് നായയെ പരിശോധിക്കാന്‍ ഉടമസ്ഥനോട് റഫറല്‍ ലെറ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ഡോക്ടറുടെ പേര് പറഞ്ഞു കൊടുക്കുക മാത്രമാണ് നായയുടെ ഉടമസ്ഥന്‍ ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പിന്നീട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നായയെ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുന്നതിനായി രക്തം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പട്ടിയുമായി ഉടമസ്ഥന്‍ തിരികെപോകുകയാണ് ചെയ്തത്.വ്യാഴാഴ്ച ഉടമസ്ഥന്‍ മടങ്ങി വരികയും ഡോ. അനൂപ് ചികിത്സ വൈകിപ്പിച്ചത് മൂലം പട്ടി മരണപ്പെടുകയാണ് ഉണ്ടായതെന്ന് ആരോപിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നായയുടെ ഉടമസ്ഥനോട് സംസാരിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരാതി നല്‍കിയതിനു ശേഷം ഉടമസ്ഥനടക്കമുള്ളവര്‍ അനൂപിനെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ അനൂപിനെ മര്‍ദ്ദിക്കുന്നത്.