വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കയറി പോലീസിന്റെ മയക്കുമരുന്ന് വേട്ട

കൊച്ചി- ലക്ഷങ്ങള്‍ വിലയുള്ള രാസ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. ആലപ്പുഴ തിരുവമ്പാടി സ്വദേശി ബിനോ വര്‍ഗീസ്(31) ആണ് കൊച്ചി സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘത്തിന്റെ പിടിയിലായത്. നഗരത്തിലെ ലഹരി ഉപഭോക്താക്കളുടെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ കയറിക്കൂടിയാണ്  പോലിസ് പ്രതിയുടെ വിവരം ശേഖരിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുടുക്കുകയായിരുന്നു.
ഗോവ,ബംഗളൂരു എന്നിവടങ്ങളില്‍നിന്ന് കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ സിന്തറ്റിക് കെമിക്കല്‍ ഡ്രഗ്ഗുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. മാരകമായ കെമിക്കല്‍ ഡ്രഗുകളായ എല്‍എസ്ഡി സ്റ്റാമ്പുകളും  എക്സറ്റസി ടാബുലറ്റുകളും  പിടികൂടിയതായി പോലിസ് പറഞ്ഞു. ടിക് ടാക്ക് എന്നും ലൗ ടാബ് എന്നും അറിയപ്പെടുന്ന  എക്സറ്റസി ടാബുകള്‍ മധ്യ കേരളത്തില്‍ ആദ്യമായാണ് പിടികുടുന്നതെന്ന് പോലിസ് പറഞ്ഞു. എന്‍ജിനീയറിംഗ് ബിരുദ ധാരിയായ ബിനോ പഠനാവശ്യങ്ങള്‍ക്കായി ബംഗളൂരുവില്‍ എത്തുകയും നേരിയ തോതില്‍ മയക്കു മരുന്നുപയോഗിച്ചു തുടങ്ങുകയുമായിരുന്നു. വാണിജ്യ സാധ്യത മനസിലാക്കിയതിനെ തുടര്‍ന്ന് ഗോവയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ശേഖരിക്കുന്ന കെമിക്കല്‍ ഡ്രഗ്ഗുകള്‍ കേരളത്തിലേക്ക് എത്തിച്ച് വിതരണം വിതരണം ചെയ്ത് വന്‍ ലാഭമുണ്ടാക്കി വരികയായിരുന്നു.
ഉപഭോക്താവിന്റെ സാമ്പത്തിക നില അനുസരിച്ച് ഒരു എല്‍എസ്ഡി സ്റ്റാമ്പിന് ആറായിരം രൂപയും  എക്സ്റ്റസി ടാബ് ലറ്റിന് ആയ്യായിരം രൂപവരെയും ഇയാള്‍ ഈടാക്കിയിരുന്നുവെന്ന് പ്രാഥമിക അന്വേണത്തില്‍ തെളിഞ്ഞതായി പോലിസ് പറഞ്ഞു.

 

Latest News