ലൈംഗിക ഉത്തേജക മരുന്ന് വില്‍പന; ജിദ്ദയില്‍ വിദേശികള്‍ പിടിയില്‍

ജിദ്ദ - ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മാനസികരോഗ, ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍പന നടത്തിയ വിദേശികളെ ജിദ്ദയില്‍ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സില്ലാതെയാണ് വിദേശികള്‍ നഗരത്തിലെ ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്നത്. മാനസികരോഗ, ലൈംഗിക ഉത്തേജക മരുന്ന് ശേഖരം റെയ്ഡില്‍ പിടിച്ചെടുത്തു. ഫാര്‍മസിയോട് ചേര്‍ന്ന താമസസ്ഥലത്താണ് വിദേശികള്‍ മരുന്നുകള്‍ സൂക്ഷിച്ചിരുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന നമ്പറില്‍  അറിയിക്കാന്‍  ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മറ്റൊരു സംഭവത്തില്‍, വിദേശത്തേക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച അറബ് വംശജനായ ഡോക്ടര്‍ ദവാദ്മി എയര്‍പോര്‍ട്ടില്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന ഇയാളുടെ ലഗേജില്‍ പരിശോധനക്കിടെ മരുന്ന് ശേഖരം കണ്ടെത്തുകയായിരുന്നു. ഈ മരുന്നുകള്‍ പിന്നീട് സുരക്ഷാ വകുപ്പുകള്‍ ആശുപത്രിക്ക് കൈമാറി.

 

Latest News