Sorry, you need to enable JavaScript to visit this website.

കളിമണ്ണിലെ സ്വർണ ശിൽപം

അയൽക്കാരന്റെ വീടും ടി.വിയും തോട്ടവുമൊക്കെ കണ്ട് എപ്പോഴും നിരാശപ്പെടുന്ന സ്വഭാവം എനിക്കില്ല. ജീവിതത്തെ ഞാൻ അങ്ങനെയല്ല കാണുന്നത്. കരിയറിന്റെ അവസാനം, രണ്ട് ഗ്രാന്റ്സ്ലാം കൂടി എനിക്കു കിട്ടുകയും റോജറിനോട് അടുക്കുകയും ചെയ്തുവെങ്കിൽ, അതിനെ അവിശ്വസനീയമായി ഞാൻ കരുതും. അതില്ലെങ്കിൽ പോലും എന്റെ നേട്ടങ്ങൾ അവിശ്വസനീയമാണ്. 

റോളാങ്ഗാരോയിലെ കളിമണ്ണിൽ കിരീടം നേടാനുള്ള റഫായേൽ നദാലിന്റെ കഴിവ് ആരും എഴുതിത്തള്ളരുത്, നദാൽ പോലും. കഴിഞ്ഞ മാസം പോലും മറ്റൊരു ഫ്രഞ്ച് ഓപൺ നേടാനുള്ള തന്റെ കഴിവിൽ നദാൽ സംശയം പ്രകടിപ്പിച്ചിരുന്നു. നദാൽ മാത്രമല്ല പലരും സംശയിച്ചു. പരിക്ക് നിരന്തരമായി അലട്ടുന്ന നദാലിന്റെ ശരീരം എന്നാണ് ടെന്നിസിനോട് എന്നെന്നേക്കുമായി വിട പറയുകയെന്ന് പലരും ചോദിച്ചു. റോളാങ്ഗാരോയിലെ വിശ്വസിക്കാൻ പ്രയാസമായ നദാലിന്റെ കുതിപ്പ് ഇന്നല്ലെങ്കിൽ നാളെ അവസാനിക്കുമെന്നും പുതിയൊരു പ്രതിഭ അവിടെ ഉദയം ചെയ്യുമെന്നും പലരും സ്വപ്‌നം കണ്ടു. ക്ലേയിലെ കിംഗിന്റെ തലയിൽ നിന്ന് മറ്റൊരാൾ കിരീടം തട്ടിയെടുക്കുമെന്ന് കളിക്കമ്പക്കാർ പോലും പ്രതീക്ഷിച്ചു. 
ഇത്തവണ ആ ആശങ്കകളൊക്കെ നദാലിന് തന്നെയായിരുന്നു. മെയ് മാസത്തിലേക്ക് നദാൽ പ്രവേശിച്ചത് ഈ സീസണിൽ ഒരു കിരീടം പോലും നേടാതെയാണ്. 2004 നു ശേഷം ഇത്തരമൊരു അവസ്ഥ ആദ്യമാണ്. വലതു കാൽമുട്ടിലെ പരിക്കുമായി കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടം നദാൽ വിട്ടുനിൽക്കുകയായിരുന്നു. ഓഫ്‌സീസണിൽ ശസ്ത്രക്രിയ വേണ്ടിവന്നു. 
മാർച്ചിൽ വേദന വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ മത്സരത്തിൽ നിന്ന് പിൻവാങ്ങി. ദീർഘകമാലമായി അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഇപ്പോൾ വഷളാവുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തെ ദുരനുഭവങ്ങൾ പരിഗണിക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങൾ കൂടുതൽ മധുരമുള്ളതായി തോന്നുന്നുവെന്ന് ഫ്രഞ്ച് ഓപൺ നേടിയ ശേഷം നദാൽ പറഞ്ഞു. മാനസികമായി ഞാൻ തളർന്നിരുന്നു. ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ മാനസിക അവസ്ഥക്കാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത് -നദാൽ പറഞ്ഞു.
ഡൊമിനിക് തിയേമിനെതിരായ ഫൈനൽ വീക്ഷിച്ചവർ നദാലിന്റെ ഉള്ളിലെ പോരാട്ടം കണ്ടിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടമായി തുടങ്ങിയ ഫൈനലിനെ നദാൽ തുറന്നെടുത്തു. ഒരു ഘട്ടത്തിൽ തുടർച്ചയായി 11 പോയന്റ് നേടി. അവസാന 14 പോയന്റിൽ പന്ത്രണ്ടും സ്വന്തമാക്കി. 6-3, 5-7, 6-1, 6-1 ന് കളിയും കിരീടവും സ്വന്തമാക്കി. റോളാങ്ഗാരോയിൽ പന്ത്രണ്ടാം കിരീടം, പതിനെട്ടാം ഗ്രാന്റ്സ്ലാം. റോജർ ഫെദരറുടെ റെക്കോർഡിന് രണ്ട് ഗ്രാന്റ്സ്ലാം അരികെ. 
നദാലിന് ഇനിയും തിരിച്ചുവരാനാവുമോ? നദാലിനെ അറിയുന്നവർ സംശയിക്കില്ല. വീണ്ടും വീണ്ടും തിരിച്ചുവന്നതാണ് നദാലിന്റെ ചരിത്രം. നിൽക്കുന്നിടത്തു നിൽക്കാനും നില മെച്ചപ്പെടുത്താനും സാധ്യമായതെല്ലാം നദാൽ ചെയ്യും. ബെയ്‌സ് ലൈനറായാണ് നദാൽ വിലയിരുത്തപ്പെട്ടിരുന്നത്. എല്ലാ പന്തും ബെയ്‌സ് ലൈനിൽ സ്വീകരിച്ച് നെറ്റിനപ്പുറത്തേക്ക് അടിച്ചുവിടുന്ന കളിക്കാരൻ. എന്നാൽ ഫൈനലിൽ നദാലിന്റെ വോളി ശ്രദ്ധ പിടിച്ചുപറ്റി. മുന്നോട്ടുനീങ്ങിക്കളിച്ച 27 പോയന്റിൽ ഇരുപത്തിമൂന്നും പിടിച്ചെടുത്തു.
ഒരു സ്‌ട്രോക്ക് മെച്ചപ്പെടുത്താൻ, ഒരു തന്ത്രം പരിപൂർണമാക്കാൻ നിരന്തരം അധ്വാനിക്കും നദാൽ. ആ കഠിനാധ്വാനമില്ലായിരുന്നുവെങ്കിൽ ഓരോ വർഷവും ഇതുപോലെ കിരീട നേടാൻ സാധിക്കില്ലായിരുന്നുവെന്ന് തിയേം സമ്മതിക്കുന്നു.  
എത്ര പരാജയപ്പെട്ടാലും ഉപേക്ഷിച്ചു പോവില്ല നദാൽ. അത്തരം ഘട്ടങ്ങളിൽ നദാലിന്റെ സമീപനം അതുല്യമാണെന്ന് കോച്ച് കാർലോസ് മോയ പറയുന്നു. 'കഴിഞ്ഞ ഒന്നര മാസം നദാൽ നടത്തിയ കഠിനാധ്വാനത്തിന് ആദരം. എല്ലാം ശുഭകരമായി നീങ്ങുന്ന ഘട്ടത്തിൽ ജയിക്കാനെളുപ്പമാണ്. എന്നാൽ സമീപകാലത്ത് പലതരം പ്രതിസന്ധികളിലൂടെയാണ് നദാൽ കടന്നുപോയത്. മാനസികമായി നദാൽ ഒരു ജീനിയസാണ്' -1998 ലെ ഫ്രഞ്ച് ഓപൺ ചാമ്പ്യൻ കൂടിയായ മോയ പറഞ്ഞു. 
നദാലിന്റെ അടുത്ത ടൂർണമെന്റ് വിംബിൾഡണാണ്. മൂന്നാഴ്ച കൂടിയേയുള്ളൂ വിംബിൾഡണിന്. വിംബിൾഡണിന് മുന്നോടിയായുള്ള പുൽകോർട് ടൂർണമെന്റുകളിൽ നദാൽ കളിക്കില്ല. പൂർണ വിശ്രമത്തിനാണ് തീരുമാനം. മറ്റെന്തിനേക്കാളും വിശ്രമമാണ് ആവശ്യമെന്ന് നദാലിന് അറിയാം. 
ഫെദരറുടെ 20 ഗ്രാന്റ്സ്ലാമുകളുടെ റെക്കോർഡ് നദാലിന്റെ മനസ്സിലുണ്ടോ? മറുപടി ഇതാണ്: 'ആ ചിന്ത മനസ്സിലൂടെ ഒരിക്കലും പോയിട്ടില്ല. റോജറിന്റെ റെക്കോർഡോ, അതേക്കുറിച്ച് ആശങ്കയേയില്ല. അയൽക്കാരന്റെ വീടും ടി.വിയും തോട്ടവുമൊക്കെ കണ്ട് എപ്പോഴും നിരാശപ്പെടുന്ന സ്വഭാവം എനിക്കില്ല. ജീവിതത്തെ ഞാൻ അങ്ങനെയല്ല കാണുന്നത്. കരിയറിന്റെ അവസാനം, രണ്ട് ഗ്രാന്റ്സ്ലാം കൂടി എനിക്കു കിട്ടുകയും റോജറിനോട് അടുക്കുകയും ചെയ്തുവെങ്കിൽ, അതിനെ അവിശ്വസനീയമായി ഞാൻ കരുതും. അതില്ലെങ്കിൽ പോലും എന്റെ നേട്ടങ്ങൾ അവിശ്വസനീയമാണ്. ഈ മുപ്പത്തിമൂന്നാം വയസ്സിൽ നന്നായി കളിക്കുന്നത് ഞാൻ ആസ്വദിക്കുകയാണ്. എത്രകാലം ഇതുപോലെ മുന്നോട്ടു പോവാനാവുമെന്ന് നമുക്ക് നോക്കാം'.

Latest News