ഗുവാഹത്തി(അസം)- സാമൂഹ്യമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതിന് അസമിലെ ബി.ജെ.പിയുടെ സോഷ്യൽ മീഡിയ തലവനെ പോലീസ് അറസ്റ്റ് ചെയ്തു. നിതു ബോറ എന്നയാളെയാണ് അറസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെതിരെ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് നിതു ബോറയെ അറസ്റ്റ് ചെയ്തത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ പോസ്റ്റിട്ടതിന് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അസം മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് പുറമെ, പ്രത്യേക സമുദായത്തിനെതിരെയും ഇയാൾ സോഷ്യൽ മീഡിയയിൽ പ്രതികരണം നടത്തിയിരുന്നു. കുടിയേറിയ മുസ്‌ലിംകളിൽനിന്ന് അസം ജനതയെ രക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നായിരുന്നു ഇയാളുടെ ആരോപണം. ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനത്തിൽ അതേ പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. അതേസമയം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ് നിതു ബോറയുടെ പരാമർശമെന്നും ഇതിനെതിരെ എങ്ങിനെയാണ് കേസെടുക്കുക എന്നും ബി.ജെ.പിയുടെ സോഷ്യൽ മീഡിയ അംഗങ്ങൾ തന്നെ ചോദ്യമുയർത്തി. ത്രിപുരയിൽ അനുപം പോൾ എന്ന ബി.ജെ.പി പ്രവർത്തകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ കുടുംബജീവിതത്തെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ കേസ്. വെസ്റ്റ് അഗർത്തല പോലീസാണ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്. ആഴത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് കുടുംബ ജീവിതത്തെ പറ്റിയുള്ള വ്യാജവാർത്തകളെന്ന് മുഖ്യമന്ത്രിയും ഭാര്യയും നേരത്തെ ആരോപിച്ചിരുന്നു.