തിരുവനന്തപുരം- രാഹുൽ ഗാന്ധിയും പച്ചപ്പതാകയുമൊക്കെ എത്ര ചർച്ച ചെയ്തിട്ടും എൽ.ഡി.എഫിന് മതിയാകുന്ന മട്ടില്ല. ഇന്നലെയും രാഹുൽ ഗാന്ധിയെയും അദ്ദേഹത്തെ വയനാട്ടിൽ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചവരെയും കളിയാക്കലോട് കളിയാക്കലായിരുന്നു. സി.പി.എമ്മിലെ ജോർജ് എം.തോമസായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. ഒഴുക്കൻ മട്ടിൽ തമാശ പറഞ്ഞു പറഞ്ഞ് നീങ്ങുന്നതാണ് ഈ അംഗത്തിന്റെ രീതി. രാഹുൽ ഗാന്ധിയുടെ മണ്ഡലക്കാരനായ താൻ എം.എൽ.എ എന്ന നിലക്ക് ഇനി അനുഭവിക്കാൻ പോകുന്ന പ്രയാസം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്ന പാലം, റോഡ് ഉദ്ഘാടനമൊക്കെ ഇനി എന്താകും? അദ്ദേഹം അതിഥിയായി വന്നാൽ എന്തായിരിക്കും അവസ്ഥ? ബ്ലാക്ക് കാറ്റും, വൈറ്റ് കാറ്റും ജഗപൊഗയും. ഹോ, വല്ലാത്തൊരു അവസ്ഥ തന്നെ. തൊട്ടടുത്ത ദിവസം മൂപ്പർ വന്നപ്പോൾ ഒരു യു.ഡി.എഫ് നേതാവ് അനുഭവിച്ച ഭാഷാ പ്രശ്‌നം അംഗം നേരിട്ട് കണ്ടതാണ്. ആ പഴയ സിനിമയിലെ നാരിയൽ കാ പാനി…യുടെ ഓർമയൊന്നുമല്ല കേട്ടോ. എന്തൊരു ദയനീയ അവസ്ഥ! രാഹുൽ ഗാന്ധി ആ നേതാവിനോട് 'ഹു ആർ യു' എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഇംഗ്ലീഷ് മറുപടി കേട്ട് രാഹുൽ വശം കെട്ടത്രെ. ഐ.ആർ എന്നോ മറ്റോ ആണ് മറുപടി പറഞ്ഞത്. നേതാവിന്റെ പേര് പറഞ്ഞിട്ടില്ല. കണ്ടാൽ തൊട്ടു കാണിച്ചു തരും. വിശക്കുന്നുവെന്നും, കുടിക്കാൻ മിനറൽ വാട്ടർ കിട്ടിയാൽ കൊള്ളാമെന്നും രാഹുൽ പറഞ്ഞപ്പോഴാണ് സംഗതിയാകെ കുഴഞ്ഞത്. മിനറൽ വാട്ടർ എന്താണെന്നറിയാത്ത, പടു പാമരനായ യു.ഡി.എഫ് നേതാവ് മനോരിക്കാൻ (മൂത്രമൊഴിച്ചാൽ ശുദ്ധിയാക്കൽ) ഒരു മൊന്തയിൽ വെള്ളം കൊണ്ടുവന്നത്രെ. ഇതൊക്കെ എപ്പോൾ എന്ന് ആരും ചോദിച്ചു കേട്ടില്ല. കഥയിൽ എന്ത് ചോദ്യം? ഒരൊറ്റ ലീഗുകാരനും പച്ചപ്പതാകയുമായി രാഹുലിനടുത്തേക്ക് വന്ന് പോകരുതെന്ന തിട്ടൂരമുണ്ടായിരുന്നുവത്രെ. അങ്ങനെ ലീഗുകാർ പച്ചക്കൊടിയില്ലാതെ സ്വീകരണത്തിന് വന്നുവെന്ന് ജോർജ് എം.തോമസ് കഥാകൃത്തായി. ബജറ്റ് ധനാഭ്യർഥന ചർച്ചയിൽ സംസാരിച്ച വയനാട് അംഗം സി.കെ.ശശീന്ദ്രനും ഏതാണ്ട് ഇതേ ടോണിൽ തന്നെയായിരുന്നു. കടുത്ത രാഹുൽ-കോൺഗ്രസ് പരിഹാസം -ഇടക്കിടെ കോൺഗ്രസ് തോറ്റതിൽ ഉള്ളിൽ സങ്കടമുണ്ട്‌ട്ടോ, എന്ന വാക്കുകൾ മേമ്പൊടിയായി കേട്ടു. രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ ലീഗിന്റെ പതാക അനുവദിച്ചില്ല എന്ന വാദം ശശീന്ദ്രനും ഉന്നയിക്കുന്നതു കേട്ടു.
കോൺഗ്രസിലെ റോജി എം.ജോർജാണ്, ഈ പരിഹാസത്തിന് നന്ദി വേണം, കേട്ടോ, നന്ദി എന്ന ശൈലിയിൽ മറുപടി പറഞ്ഞത്. രാഹുൽ ഗാന്ധിയും തമിഴ്‌നാട്ടിലെ സ്റ്റാലിനും സഹായിച്ചില്ലായിരുന്നുവെങ്കിൽ സി.പി.എമ്മിന് ആലപ്പുഴ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമായിരുന്നു. തമിഴ്‌നാട്ടിലെ സി.പി.എം എം.പിമാരുടെ ബ്രാക്കറ്റിൽ സി.പി.ഐ.എം (രാഹുൽ-എസ്) എന്നെഴുതേണ്ടതാണ്.
ഭരണകക്ഷി അംഗങ്ങൾ പിണറായി സർക്കാരിനെ പ്രശംസിക്കുന്നത് കാണുമ്പോൾ റോജിക്ക് പഴയൊരു മരണ ശുശ്രൂഷയാണ് ഓർമയിലെത്തിയത്. മഹാ കൊള്ളരുതാത്തവനായ ഒരു വ്യക്തി മ രിച്ചപ്പോൾ ശുശ്രൂഷക്കെത്തിയ പള്ളീലച്ചൻ മരിച്ചയാളെ വല്ലാതെ പ്രശംസിച്ചൊരു പ്രസംഗം ചെയ്തു. ഇതു കേട്ടപ്പോൾ അടുത്ത് നിൽക്കുന്ന മകളോട് മരിച്ചയാളുടെ ഭാര്യ ചെവിയിൽ പറഞ്ഞു; മോളേ.. നീ ആ മുഖത്തെ തുണിയൊന്ന് മാറ്റിയേ, നിന്റെ അച്ഛൻ തന്നെയാണോ ആ കിടക്കുന്നതെന്ന് നോക്കാനാണ്. അതു പോലെയാണ് ഭരണകക്ഷി അംഗങ്ങളുടെ പിണറായി സർക്കാർ പ്രശംസ. പ്രശംസയിൽ ഇന്നലെ ഒന്നാം സ്ഥാനക്കാരൻ സി.പി.എമ്മിലെ കെ.ഡി.പ്രസേനനായിരുന്നു. പ്രതിപക്ഷം പിണറായി സർക്കാരിനെതിരെ നടത്തുന്നതെല്ലാം വല്ല കുറുക്കന്മാരുടെയും ഓരിയിടലായാണ് പ്രസേനന് തോന്നുന്നത്. കാരണം അത്രക്ക് കുറ്റമറ്റതാണ് കേരളത്തിലെ ഭരണം. തെളിവ് മറ്റൊന്നുമല്ല - പ്രസേനന്റെ പേഴ്‌സനൽ അസിസ്റ്റ് നൂറുദ്ദീന്റെ കൈവിലുകൾ തന്നെ. എന്താണെന്നല്ലെ, പ്രസേനന്റെ ഓഫീസിന് മുന്നിൽ രാവിലെയും രാത്രിയും ക്യൂ നിൽക്കുന്ന ജനങ്ങൾക്ക് ശുപാർശ കത്തെഴുതി എഴുതിയാണ് ഇങ്ങനെയായത്. കത്ത് എങ്ങോട്ടേക്കാണെന്നല്ലേ, സർക്കാർ സ്‌കൂൾ പ്രവേശനത്തിന് സീറ്റ് കിട്ടാൻ. പിണറായി സർക്കാരിന്റെ കാലത്ത് ആ നിലക്ക് ഉയർന്ന പദവിയിലെത്തിപ്പോയി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പന്ന്യൻ രവീന്ദ്രൻ, എം.വി.രാഘവൻ എന്നിവരുടെ രീതിയിൽ ചോദ്യം-ഉത്തരം മട്ടിലായിരുന്നു പ്രസേനന്റെ പ്രസംഗം. ഇടക്ക് കോൺഗ്രസിലെ എൽദോസോ മറ്റോ പ്രസേനന്റെ നാടായ നെന്മാറയിൽ ഇടതുപക്ഷത്തിന് ഒറ്റ വോട്ടും കിട്ടാതെ പോയ വാർഡിന്റെ കാര്യം ഓർമിപ്പിക്കുന്നത് കേട്ടു. യു.ഡി.എഫ് നേടിയ വിജയത്തെ പ്രസേനൻ കാണുന്നത് വൃത്തികെട്ട ഏതെല്ലാമോ വിഭാഗത്തെ കൂടെ കൂട്ടിയുള്ള ജയമായാണ്.
ജപ്പാനിൽ മഴ പെയ്യുന്നതിനെ പറ്റിയൊക്കെ ഉയർന്ന ധാരണയുള്ള പി.വി.അൻവർ എം.എൽ.എ കൈയിലുള്ളപ്പോൾ എന്തിന്
വേണ്ടിയാണ് കാലാവസ്ഥാ മുന്നറിയിപ്പിന്റെ വിഷയത്തിൽ പിണറായി സർക്കാർ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് എൽദോസ് കുന്നപ്പിള്ളിൽ ചോദിക്കുന്നതു കേട്ടു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഡാമുകൾ തുറന്ന് വിട്ട് പ്രളയമുണ്ടാക്കുന്ന സ്ഥിതിവിശേഷമൊക്ക ഒഴിവാക്കാമായിരുന്നു -എന്തു ചെയ്യാം. മനുഷ്യ നിർമിത പ്രളയം എല്ലാം കൊണ്ടുപോയില്ലേ. സി.പി.എമ്മിലെ പ്രൊഫ. കെ.യു.അരുണൻ മാസ്റ്റർക്ക് പക്ഷെ പിണറായി വിജയൻ പ്രളയം നേരിട്ട രീതി ഓർക്കുമ്പോൾ എതെല്ലാമോ, ഒന്നാന്തരം കവിതയും ഉപമയുമെല്ലാം തേട്ടി, തേട്ടി വരുന്നു. ശരിക്കും പിണറായി വിജയന്റെ ചീഫ് മിനിസ്റ്റർ എന്ന തിലെ സി.എം ക്രൈസിസ് മാനേജർ എന്നതിന്റെ കൂടി ചുരുക്കമായാണ് പ്രൊഫസർക്ക് തോന്നുന്നത്.
ലീഗിലെ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾക്ക് റവന്യൂ ഡിപ്പാർട്ട് മെന്റ് ഒന്ന് നന്നാക്കിയെടുത്താൽ കൊള്ളാമെന്നുണ്ട്. അധികാരി, മേനോൻ, കോൽക്കാരൻ എന്ന അവസ്ഥയിൽ നിന്ന് ആ ഓഫീസുകൾ തരിമ്പും മാറിയിട്ടില്ല. മനുഷ്യർ അവരുടെ ആവശ്യങ്ങൾക്കായി കൂടുതലായി ഉപയോഗിക്കുന്ന ഓഫീസുകളാണത്. ''തെരഞ്ഞെടുപ്പിനെ മാത്രം ആശ്രയിച്ച് കാര്യങ്ങൾ പറയാതെ ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നു'' എന്ന മുഖവുരയോടെയായിരുന്നു ലീഗ് അംഗത്തിന്റെ തുടക്കം. മറ്റാരെയും പക്ഷെ ആ വഴിക്ക് കണ്ടില്ല.
കേരള കോൺഗ്രസിലെ മുതിർന്ന അംഗമായ പ്രൊഫ. സി.എഫ് തോമസും ചർച്ചയിൽ പ്രളയം മനുഷ്യ നിർമിതമായിരുന്നുവെന്നാവർത്തിച്ചു. റവന്യു-ധന വകുപ്പുകളിന്മേലുള്ള ചർച്ച തുടങ്ങിവെച്ചത് കെ.സുരേഷ് കുറുപ്പ്.
എസ്.രാജേന്ദ്രൻ, ആർ.രാമചന്ദ്രൻ, കെ.രാജൻ, പി.കെ.ബഷീർ, മാത്യു ടി.തോമസ് എന്നിവരും പ്രസംഗിച്ചു.
ബ്രാഹ്മണ സമൂഹത്തിൽ കാൻസർ രോഗം കുറവാണെന്ന് പി.സി ജോർജ് കണ്ടെത്തിയിട്ടുണ്ട്. കാരണം അവർ തവിടുള്ള അരിയുടെ ഭക്ഷണം കഴിക്കുന്നതു കൊണ്ടാകുന്നു. തവിട് കളഞ്ഞ അരി വേണ്ടേ വേണ്ടെന്ന് കുറച്ചു കാലമായി ജോർജ് പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്. തവിട് ഭക്ഷണമാക്കിയവർ ഉയർന്ന ജാതിക്കാർ മാത്രമായിരുന്നില്ലെന്നും പണ്ട് എല്ലാവരും കഴിക്കുന്ന ഭക്ഷണമായിരുന്നു തവിടെന്നും ജോർജിന്റെ പ്രശംസക്ക് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ തിരുത്ത്. നായർ മതം മാറിയതാണെന്നായിരുന്നു ഒരു കാലത്ത് ജോർജ് പറഞ്ഞു നടന്നത്. ഇതെന്താ ഇപ്പോൾ നമ്പൂതിരിയായോ എന്ന് മന്ത്രിയുടെ കളിയാക്കൽ. ചോദ്യോത്തര വേളയുടെ പകുതിയിലധികം നെൽകൃഷിയുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നതിനാൽ അംഗങ്ങളിൽ പലരും പച്ച വസ്ത്രത്തിലാണ് സഭയിലെത്തിയത്. യു.പ്രതിഭ, റോജി എം.ജോൺ, ആയിഷ പോറ്റി എന്നിവരെല്ലാം വസ്ത്രങ്ങളിൽ പച്ച മയം.
കോൺഗ്രസ് അംഗം ശബരീനാഥിന്റെ ഒരു ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലിൽ നൽകിയ മറുപടി ആധുനിക കാലത്തെ ജനകീയ സർക്കാരുകളുടെ യഥാർഥ അവസ്ഥ അനാവരണം ചെയ്യുന്നതായി. അതിങ്ങനെ ''ഫണ്ട് തരാൻ മനസ്സില്ലാഞ്ഞിട്ടല്ല, വഴിയില്ലാത്തതു കൊണ്ടാണ്..'' അരിമണിയൊന്ന് കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം.. എന്ന് പണ്ട് കവി എഴുതിയതും ഇതേ അവസ്ഥയെപ്പറ്റി തന്നെ.